വടകര: അഴിയൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപികമാരും സജീവം.
അഴിയൂർ യു.പി സ്കൂളിലെ അധ്യാപിക കെ.പി സോന, കല്ലാമല യു.പി സ്കൂൾ അധ്യാപിക പി.പി രശ്മി, എന്നിവരാണ് മാഹി റെയിൽവേ സ്റ്റേഷനിൽ കൊവിഡ് ചുമതലക്കായി എത്തിയത്. ചെന്നെെ മെയിലിൽ നാട്ടിലേക്ക് വരുന്നവരിൽ പഞ്ചായത്തിൽ ഉൾപ്പെടുന്നവരെ മാഹി സ്റ്റേഷനിൽ വെച്ച് കണ്ടെത്തുകയാണ് ഇവരുടെ ദൗത്യം.
ട്രെയിനിൽ വരുന്നവരുടെ വിവരം പഞ്ചായത്തിന് മുൻ കൂട്ടി ലഭിക്കാത്തതുകൊണ്ടാണ് പഞ്ചായത്ത് സ്റ്റേഷനിൽ ബൂത്ത് സ്ഥാപിച്ചത്. യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനും അതുവഴി സമ്പർക്ക സാധ്യത ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. റെയിൽവേ അധികൃതർ, ആർ.പി.എഫ്, മാഹി പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് നിരീക്ഷണം.
രാവിലെ 8;30 ന് ചെന്നെയിൽ നിന്ന് വരുന്ന ട്രെയിനിനും വൈകുന്നേരം നാലിന് മംഗലാപുരം ചെന്നൈ മെയിലിനുമാണ് മാഹിയിൽ സ്റ്റോപ്പുള്ളത്.
പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം ജില്ലാ കളക്ടറാണ് 6 അധ്യാപികമാരെ കൊവിഡ് ചുമതലക്കായി ഏർപ്പെടുത്തിയത്. മറ്റു ടീച്ചർമാർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൊവിഡ് ജാഗ്രാത പോർട്ടലിൽ രജിസ്ട്രർ ചെയ്തവരെ മോണിറ്ററിംഗ് ചെയ്യും. ജോലിക്കായി പുറത്തിറങ്ങുന്നവർക്ക് മാർഗനിർദേശങ്ങൾ ഫോണിലൂടെ എത്തും. ടീച്ചർമാരെ സഹായിക്കുന്നതിന് അധ്യാപകരായ കെ. സജേഷ് കുമാർ, ആർ.പി റിയാസ് എന്നിവരുമുണ്ട്.
പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വി.പി ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.