rice
rice

 റേഷൻ വ്യാപാരികളിൽ പ്രതിഷേധം

കോഴിക്കോട്: മലബാറിൽ ആവശ്യക്കാർ ഏറെയുള്ള വെള്ള മട്ട അരി എൻ.എഫ്.എസ്. എക്കാരുടേയും കരാറുകാരുടെയും പ്രിയപ്പെട്ട വ്യാപാരികൾക്ക് മാത്രം സ്ഥിരമായി നൽകുന്നതായി ആക്ഷേപം.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സപ്ലൈകോയുടെ സി.എം.ആർ കുത്തരി എൻ .എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. പല താലൂക്കുകളിലും അമ്പത് വരെ കുത്തരിയാണ് നൽകുന്നത്. വടക്കൻ ജില്ലകളിലെ റേഷൻ ഉപഭോക്താക്കൾക്ക് കുത്തരിയോട് പൊതുവെ താത്പര്യം കുറവാണ്. നിലവിൽ രണ്ട് തരത്തിലാണ് കുത്തരി മില്ലുകളിൽ നിന്ന് വരുന്നത്. തവിടിന്റെ അംശം ചേർന്ന കുത്തരിയാണ് കൂടുതലായി വടക്കൻ ജില്ലകളിലേക്ക് റേഷനായി എത്തുന്നത്. പരമാവധി 20 മുതൽ 25 ശതമാനം വരെ വെള്ള മട്ട അരിയും എൻ.എഫ്.എസ്.എയിലെത്തുന്നുണ്ട്. വെള്ള മട്ട അരിയാണ് വടക്കുള്ള റേഷൻ ഉപഭോക്താക്കൾ കൂടുതലും ആവശ്യപ്പെടുന്നത്. എന്നാൽ വടക്കൻ കേരളത്തിലെ ജനങ്ങളുടെ പ്രിയമേറിയ കുറുവ അരിക്ക് സമാനമായ വെള്ള മട്ട അരി വീതിച്ച് വിതരണം നടത്തുന്നതിന് പകരം എൻ. എഫ്.എസ്.എക്കാരുടേയും കരാറുകാരുടെയും ഇഷ്ടക്കാർക്ക് വിതരണം ചെയ്യുകയാണ്.

തവിടുള്ള കുത്തരി വിതരണം ചെയ്യുന്ന കടകളിൽ നിന്ന് റേഷൻ വാങ്ങാൻ ആളുകൾ മടിക്കുന്നത് വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. പോർട്ടബിലിറ്റി നിലനിൽക്കുന്നതിനാൽ വെള്ള അരി ലഭിക്കുന്ന കടകളിലേക്ക് കാർഡ് ഉടമ പോകുന്നതിനാൽ പല റേഷൻ കടകളിലെയും വിൽപ്പനയും കുറഞ്ഞു. അഴിമതി നടത്തുന്നവർക്ക് ഇത് ചാകരയാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

അധികാരികൾ സി.എം.ആർ അരി വൈറ്റ്, ബ്രൗൺ എന്ന തരത്തിലാക്കി ലഭ്യതക്കനുസരിച്ച് ശതമാന തോതിൽ വിതരണം ചെയ്യുന്നതിന്ന് നിർദ്ദേശം നൽകണമെന്നാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ജില്ലകളിൽ കുത്തരിക്ക് പകരം പുഴുങ്ങലരി അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

" അരി വിതരണത്തിൽ പക്ഷഭേദം കാണിക്കരുത്. സ്റ്റോക്ക് അനുസരിച്ച് എല്ലാ റേഷൻ കടകളിലേക്കും നിശ്ചിത മാനദണ്ഡമനുസരിച്ച് അരി വിതരണം ചെയ്യണം " ടി. മുഹമ്മദാലി , സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.