hotel

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം ശക്തമാക്കിയത് ജില്ലയിലെ ഹോട്ടലുകളെ വീണ്ടും പ്രതിസന്ധിയിലാക്കി. വ്യാപാര ശാലകളിലും മാർക്കറ്റുകളിലും ഒരുസമയം അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന നിർദേശം കർശനമാക്കിയതാണ് ഹോട്ടൽ വ്യാപാരികളുടെ അന്നം മുട്ടിച്ചത്.

ഹോട്ടലുകളിൽ പാഴ്സൽ അനുവദിച്ചിരുന്ന സമയത്ത് 20 ശതമാനം കച്ചവടമാണ് നടന്നത്. എന്നാൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയപ്പോൾ 40 മുതൽ 50 ശതമാനം വരെ കച്ചവടം ഉയർന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു.

മിക്ക ഹോട്ടലുകളിലും തൊഴിലാളികളുടെ എണ്ണം പകുതിയായി കുറച്ചു. ഇടയ്ക്കിടെ ഉണ്ടാവുന്ന നിയന്ത്രണങ്ങൾ സാരമായി ബാധിച്ചത് ഹോട്ടലുകളെയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ജില്ലയിലെ പ്രധാന വ്യാപാര മേഖലകളായ മിഠായിത്തെരുവ്, വലിയങ്ങാടി , പാളയം, പുതിയ ബസ്‌സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത് ഹോട്ടലുകൾക്ക് തിരിച്ചടിയായി. തൊഴിലാളികളുടെ ശമ്പളം, ജി.എസ്.ടി ഉൾപ്പെടെ നികുതികൾ, രജിസ്ട്രേഷൻ ഫീസുകൾ, വാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ കൊടുത്താൽ ഹോട്ടൽ ഉടമകൾക്ക് മിച്ചമൊന്നുമില്ല. അന്യസംസ്ഥാന തൊഴിലാളികളെ കൂടാതെ ആയിരത്തോളം ജീവനക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അതേസമയം കൊവിഡ് കാലത്തെ ഓൺലൈൻ വിപണനം ആശ്വാസമായെന്ന് ഹോട്ടലുടമകൾ പറയുന്നു.

"ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതോടെ വ്യാപാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടം വളരെ കുറവായിരുന്നു"-.

രാജൻ, ഹോട്ടൽ ഉടമ

" സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിൽ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ആളുകൾ ഹോട്ടലുകളിൽ എത്തുന്നില്ല. സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്"-

ജി. ജയപാൽ, ജനറൽ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.