
കോഴിക്കോട്: കർഷകർക്ക് വിപണി സ്വാതന്ത്ര്യം നൽകാൻ ലക്ഷ്യമിട്ടുള്ള കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവർ ഇടനിലക്കാരെ സഹായിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാർഷിക ബിൽ കാരണം നഷ്ടം ഇടനിലക്കാർക്ക് മാത്രമാണ്. വിപണി വിലയുടെ ആറിലൊന്ന് മാത്രമേ ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നുള്ളൂ. ഒരു ഉത്പന്നം വിപണിയിലെത്തുന്നതിനിടയിൽ എട്ടോളം ഇടനിലക്കാരുടെ ചൂഷണം നടക്കുന്നുണ്ട്. കേരളത്തിൽ പരമ്പരാഗതമായ കാർഷിക വിപണന മാതൃക രാജ്യവ്യാപകമാക്കാൻ നോക്കുമ്പോൾ സി.പി.എം എന്തിനാണ് എതിർക്കുന്നത്?. കർഷകരുടെ അധ്വാനത്തിന് പ്രതിഫലം ഉറപ്പാക്കാനാണ് കാർഷിക മേഖലയിലെ പരിഷ്‌കാരങ്ങൾ.
വിപണിയിലെ ചാഞ്ചാട്ടങ്ങൾ കർഷകന് കിട്ടേണ്ട ലാഭത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ നിയമത്തിൻറെ കാതൽ. ഇതു വഴി സംസ്ഥാനത്തിനകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്ക് കഴിയും. കൃത്യസമയത്ത് ഉത്പന്നത്തിന്റെ വില കർഷകർക്ക് കൈയിലെത്തുന്നു .മാത്രമല്ല,വിത്തുകളും പുത്തൻ സാങ്കേതികവിദ്യയും ലഭിക്കാനുളള സൗകര്യവും വരുകയാണ്. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.