elephant-
ഗജദിനത്തോടനുബന്ധിച്ച് മുത്തങ്ങയിലെ ആനപ്പന്തിയിൽ ആനയൂട്ട് നടന്നപ്പോൾ

സുൽത്താൻ ബത്തേരി: മുത്തങ്ങ ആനപ്പന്തിയിലെ പത്തോളം ആനകൾക്ക് വനം വകുപ്പുകാർ വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ലോക മൃഗസംരക്ഷണത്തിന്റെ ഭാഗമായി ദേശീയ ഗജദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ആനയൂട്ട്. ഇതോടൊപ്പം ആനകളുടെ പാപ്പന്മാരും ജീവനക്കാരും പ്രത്യേക പ്രതിജ്ഞയുമെടുത്തു. പതിവ് തെറ്റിക്കാതെയുള്ള പരിശീലനക്കളരിയ്ക്ക് ശേഷമാണ് ആനയൂട്ടിന് തുടക്കം കുറിച്ചത്. എല്ലാ ആനകളെയും കുളിപ്പിച്ച ശേഷം നേരെ പന്തിയിൽ പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് നിറുത്തി. പാപ്പാൻമാർ കുറി തൊടുവിച്ചതിനു പിന്നാലെ ആനകൾക്കായി പ്രത്യേക പൂജയുമുണ്ടായിരുന്നു. കാടും പുഴകളും വന്യജീവികളും വരും തലമുറയുടെ കൂടി അവകാശമാണെന്നും ഇവയെ നശിപ്പിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മണ്ണിൽ തൊട്ട് പ്രതിജ്ഞ ചെയ്യുകയായിരുന്നു പാപ്പാന്മാ‌ർ. തുടർന്ന് ആനകൾക്ക് പതിവ് ഭക്ഷണത്തിന് പുറമെ ചോളം, കരിമ്പ്, ഈത്തപ്പഴമടക്കം പഴവർഗങ്ങളും മധുരപലഹാരങ്ങളുമടങ്ങിയ ഭക്ഷണമാണ് നൽകിയത്. ക്യാമ്പിലെ കുട്ടിയാനകളായ അമ്മു, ചന്തു എന്നിവർക്ക് പുറമെ കുങ്കിയാനകളായ പ്രമുഖ, കുഞ്ചു, സൂര്യ ,വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ, ചന്ദ്രനാഥ്, സുന്ദരി തുടങ്ങിയവരും ആനയൂട്ടിൽ പങ്കെടുത്തു. ആനകൾക്കെന്ന പോലെ പാപ്പാന്മാർക്കും വലിയ ആഘോഷമാണ് ആനയൂട്ട്. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പുറമെ നിന്ന് ആരെയും പ്രവേശിപ്പിച്ചില്ല. ഓരോ ആനയുടെയും രണ്ട് വീതം പാപ്പാന്മാരും ഇവരുടെ കുടുംബാംഗങ്ങളും വനപാലകരും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ചടങ്ങുകൾക്ക് റേഞ്ച് ഓഫീസർമാരായ കെ.ഹാഷിഫ്, രമ്യ രാഘവൻ, ഫോറസ്റ്റർമാരായ എ.ബി.ഷിബു, എ.ആർ. സിനു, ബയോളജിസ്റ്റ് വിഷ്ണു എന്നിവർ നേതൃത്വം നൽകി.