mananchira
മാനാഞ്ചിറ മൈതാനത്തിലേക്ക് പ്രവേശിക്കുന്നതിന് ബി.ഇ.എം സ്കൂളിന് മുന്നിൽ ഒരുങ്ങുന്ന പുതിയ കവാടം

കോഴിക്കോട്: മാനാഞ്ചിറ മൈതാനത്തിലേക്ക് കടക്കാൻ ഇനി നാലാം പ്രവേശന കവാടവും. ബി. ഇ. എം സ്‌കൂളിന് മുന്നിൽ നിന്നുള്ള പ്രവേശന കവാടം അവസാന മിനുക്കുപണിയിലാണ്. നിലവിൽ മോഡൽ സ്‌കൂൾ, പട്ടാളപ്പള്ളി, കോംട്രസ്റ്റ് എന്നിവയ്ക്ക് മുന്നിലൂടെയാണ് മാനാഞ്ചിറയിലേക്ക് പ്രവേശന കവാടമുള്ളത്. എന്നാൽ അൻസാരി പാർക്കിലും ടാഗോർ പാർക്കിലും കുട്ടികളുമായി എത്തുന്നവർ വട്ടം കറങ്ങണം. പുതിയ കവാടം തുറക്കുന്നതോടെ പ്രവേശനം എളുപ്പമാകും. മൂന്ന് കവാടങ്ങളുടെയും മാതൃകയിൽ തന്നെയാണ് പുതിയ കവാടത്തിന്റെയും നിർമ്മാണം. മാനാഞ്ചിറ സ്‌ക്വയർ നിർമ്മിക്കുന്നതിന് മുമ്പ് രണ്ടു പാർക്കുകളിലേക്കുമായി ബി. ഇ. എം സ്‌കൂളിന് മുന്നിൽ പ്രവേശന കവാടം ഉണ്ടായിരുന്നു. ഈ വഴി അടച്ചാണ് ചിറയും മൈതാനവും ഒന്നിച്ചാക്കിയത്. ഇത് പ്രതിഷേധത്തിനിടയാക്കി. മാനാഞ്ചിറ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കവാടത്തിന്റെ പ്രവൃത്തിയും. വിനോദ സഞ്ചാര വകുപ്പിന്റെ ഒരു കോടിയും അമൃത് പദ്ധതിയിലെ 80 ലക്ഷവും ചെലവഴിച്ചാണ് മാനാഞ്ചിറയിൽ നവീകരണ പ്രവൃത്തി നടക്കുന്നത്. കൊവിഡ് ഒഴിഞ്ഞാൻ പുതിയൊരു മാനാഞ്ചിറയായിരിക്കും നഗരത്തിലെത്തുന്നവരെ സ്വീകരിക്കുക.