
നാദാപുരം: കല്ലാച്ചി പെരുവങ്കരയിൽ തോക്കുമായി വീട്ടിൽ കയറി അക്രമം നടത്തിയ പ്രതി റിമാൻഡിൽ. ചെറുമോത്ത് കോട്ടാളന്റവിടെ ബഷീർ (45) ആണ് റിമാൻഡിലായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പെരുവങ്കര ചീരാമ്പത്ത് പോക്കർ ഹാജിയുടെ വീട്ടിലെത്തിയ പ്രതി സ്ത്രീകളെയടക്കം കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പോക്കർ ഹാജിയുടെ മക്കളായ അഫ്സൽ, സഹോദരൻ അസ്‌ലം എന്നിവരെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരുവങ്കരയിലെ ആർ.ആർ.ടി അംഗമാണ് അഫ്സൽ. കണ്ടെയ്ൻമെന്റ് സോണിൽ വരുന്ന പ്രദേശത്തുള്ള ബഷീറിന്റെ സഹോദരൻ ഉസ്മാനെ അഫ്സലിന്റെ വീടിനു സമീപം കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബഷീർ തോക്കുമായി വീട്ടിലെത്തിയത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ബഷീറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അറിയിച്ചു. അഫ്സലിന്റെ പരാതിയിലാണ് നാദാപുരം പൊലീസ് കേസെടുത്തത്. ബഷീറിന്റെ കൈയിലുണ്ടായിരുന്ന തോക്കിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷിച്ചു വരികയാണ്.