വടകര: അഴിയൂരിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 94 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇത്രയുംപേർക്ക് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചാം വാർഡിലാണ് കൂടുതൽ രോഗികൾ. 15 പേർക്കാണ് പോസിറ്റീവായത്. രണ്ടാം വാർഡിൽ-6, 8,12,14 വാർഡുകളിൽ-3, 3,13,16 വാർഡുകളിൽ -2, 5,7,9,11,17,18 വാർഡുകളിൽ ഓരോരുത്തർ വീതവും രോഗം സ്ഥിരീകരിച്ചു. നിലവിൽ 113 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. 15 പേർ പഞ്ചായത്ത് എഫ്.എൽ.ടി.സിയിലാണ്. സമ്പർക്ക വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തും പൊലീസും സംയുക്ത പരിശോധന ശക്തമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മനയിൽ മുക്ക്, വട്ടക്കണ്ടി പാറ, എരിക്കിൻചാൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കൂട്ടംകൂട്ടമായി നിൽക്കുന്നവർക്ക് എതിരെയും ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചു. പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിന് സ്കൂൾ പ്രധാനാ ദ്ധ്യാപകരുടെയും പി ടി എ പ്രസിഡന്റ് മാരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് ഓൺലൈനായി ചേരും. പ്രാഥമിക പട്ടികയിൽ ഉള്ളവർക്ക് ഇന്ന് ആൻറിജൻ ടെസ്റ്റ് നടത്തും. ചോമ്പാൽ ഹാർബറിൽ പ്രത്യേക മൊബൈൽ ടെസ്റ്റ് നടത്തുന്നതിന് ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. ഇന്നുമുതൽ പഞ്ചായത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തിക്കും. സ്ക്വാഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽഹമീദ്, ചോമ്പാല പൊലീസ്, എസ്.ഐമാരായ എം.അബ്ദുൽസലാം, എം.എം വിശ്വൻ, അദ്ധ്യാപകരായ കെ.പി പ്രീജിത്ത് കുമാർ, കെ.ദീപു രാജ്, കെ.സജേഷ് കുമാർ, ആർ.പി റിയാസ് ബ്രിഗേഡുമാരായ എൻ .പി മഹേഷ് ബാബു, ഷാജി കോളരാട്, ഉനൈസ് മാളിയേക്കൽ ,അനൂപ് വടേക്കണ്ടി എന്നിവർ പങ്കെടുക്കും. നിലവിൽ 2,9,14, 15 വാർഡുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി തുടരുകയാണ്.