kaduva
കടുവയുടെ ആക്രമണത്തിൽ ചത്ത ആടുകൾ

പുൽപ്പള്ളി: ചീയമ്പം 73 ൽ കടുവയിറങ്ങി ആടുകളെ കൊന്നു. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. ചീയമ്പം വനത്തിൽ നിന്ന് എത്തിയ കടുവ ചിയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തിൽ മേയാൻ വിട്ട 3 ആടുകളെയാണ് ആക്രമിച്ച്‌ കൊന്നത്. ആളുകൾ ബഹളമുണ്ടാക്കിയപ്പോൾ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറിപ്പോയി. കോളനിക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സ്ഥലത്തെത്തി വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നീരിക്ഷണമാരംഭിക്കാനും കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും ആടുകളെ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നഷ്ട പരിഹാരം നൽകുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ നിരവധി ആളുകളുടെ വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഒരാഴ്ച്ച മുമ്പ് കടുവ ആക്രമിച്ച വളർത്തുമൃഗങ്ങളുമായി ഇരുളത്തെ വനം വകുപ്പ് ഓഫിസിലേക്ക് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.