granma
ഗ്രാന്മ കർഷക കൂട്ടായ്മയുടെ കരനെൽ കൊയ്ത്ത് ഒഞ്ചിയം കൃഷി ഓഫീസർ സന്ധ്യ കോയിറ്റൊടി ഗംഗാധരക്കുറുപ്പിന് കറ്റ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വടകര: തരിശ് ഭൂമിയിൽ വിത്തെറിഞ്ഞ് നൂറുമേനി കൊയ്ത് ഒഞ്ചിയം ഗ്രാന്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഒഞ്ചിയം അഞ്ചാം വാർഡിലെ ഗ്രാന്മ കർഷക കൂട്ടായ്മ വെള്ളാറത്താഴ വയലിൽ കരനെൽകൃഷിയിറക്കിയത്. രണ്ട് ദശാബ്ദങ്ങളായി മഴയിൽ വെള്ളക്കെട്ടും വേനലിൽ വരണ്ടുണങ്ങിയും കിടന്നിരുന്ന ഭൂമിയിലാണ് ഏഴംഗ കൂട്ടായ്മ വിത്തിറക്കിയത്. ഉമ ഇനത്തിൽപ്പെട്ട വിത്തെറിഞ്ഞ് ഒറ്റയും പാഴാകാതെ കതിരണിഞ്ഞത് കൂട്ടായ്മക്ക് ആശ്വാസമായി. നിലം തയ്യാറാക്കൽ മുതൽ കൊയ്ത്ത് വരെയുള്ള എല്ലാ ജോലികളും കൂട്ടായ്മ പ്രവർത്തകർ തന്നെയാണ് ചെയ്തിരുന്നത്. കോയിറ്റൊടി ഗംഗാധരക്കുറുപ്പിന്റെ ഒന്നേകാൽ ഏക്കർ ഭൂമിയിൽ വർഷങ്ങൾക്കുശേഷമാണ് നെൽകതിർ കൊയ്യുന്നത്. മറ്റൊരു ഒന്നേകാൽ ഏക്കർ വരുന്ന പാടത്ത് മകരകൊയ്ത്തിന് പാകമാകേണ്ട മുണ്ടകൻ മഴയിൽ മുക്കാൽ ഭാഗവും നശിച്ചുപോയിരുന്നു. വെള്ളാറ രാജൻ, പുന്നോല കുമാരൻ, വെള്ളാറ ഗംഗാധരൻ, പുന്നോല മുകുന്ദൻ, പുന്നോല ബാലകൃഷ്ണൻ, കണിയാന്റവിട ചന്ദ്രൻ, എരോത്ത് ബാബു എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കരനെൽകൃഷി വിളവെടുപ്പ് ഒഞ്ചിയം പഞ്ചായത്ത് കൃഷി ഓഫീസർ സന്ധ്യ ഉദ്ഘാടനം ചെയ്തു. സ്ഥലം ഉടമ കോയിറ്റൊടി ഗംഗാധരക്കുറുപ്പ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സീമ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഉഷ എന്നിവർ പങ്കെടുത്തു.