
കോഴിക്കോട്: കൊവിഡ് വ്യാപനത്തോടെ അടച്ചിട്ട പാളയം മാർക്കറ്റ് ഇന്നലെ ഉച്ചയോടെ തുറന്നു. ഇന്ന് മുതൽ വ്യാപാരം സജീവമാകും. ഉച്ചകഴിഞ്ഞതോടെ വാഴക്കുലയുമായി ലോറികൾ മാർക്കറ്റിലെത്തി. മാർക്കറ്റിന്റെ പ്രവർത്തനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
കഴിഞ്ഞ 23നാണ് പാളയം പച്ചക്കറി മാർക്കറ്റിലെ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടച്ചിട്ടത്. . മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണ കാലാവധി പൂർത്തിയായശേഷം വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയിരുന്നു. 304 പേർക്ക് നടത്തിയ പരിശോധനയിൽ 31 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം കുറഞ്ഞതോടെയാണ് മാർക്കറ്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. പാളയം പച്ചക്കറി മാർക്കറ്റ് അടച്ചതോടെ വേങ്ങേരിയിലെ തടമ്പാട്ടുതാഴം കാർഷിക വിപണന കേന്ദ്രത്തിലാണ് മൊത്തക്കച്ചവടം നടത്തിയിരുന്നത്. വേങ്ങേരി മാർക്കറ്റിൽ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനാൽ മാർക്കറ്റ് അടച്ചു. പാളയം മാർക്കറ്റ് തുറക്കുന്നതോടെ പഴം - പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസമാകും.
ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ
പാളയം മാർക്കറ്റിലെ നാല് കവാടങ്ങൾ അടയ്ക്കും. പൊലീസ് ബാരിക്കേഡ് സ്ഥാപിക്കും
താപനില പരിശോധിച്ചതിനുശേഷം മാർക്കറ്റിലേക്ക് പ്രവേശനം. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇതിനായുള്ള ക്രമീകരണം നടത്തും
കൊവിഡ് പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള കച്ചവടക്കാർ, തൊഴിലാളികൾ, പോർട്ടർമാർ എന്നിവർക്കു മാത്രം പ്രവേശനം. ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകും.
സ്റ്റാൾ കച്ചവടം രാവിലെ 11 മണിവരെ മാത്രം. ഉന്തുവണ്ടിക്കച്ചവടം 11 മണിക്കുശേഷം.
കടകളിലും മാർക്കറ്റിനകത്തും ആളുകൾ കൂട്ടംകൂടി നിൽക്കുന്നില്ലെന്ന് ക്വിക്ക് റെസ്‌പോൺസ് ടീം ഉറപ്പുവരുത്തും. ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
മാർക്കറ്റിൽ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.