bus
ഹസ്ബിൻ നിർമ്മിച്ച ബസുകൾക്കൊപ്പം

കോഴിക്കോട്: കൊവിഡ് കാലത്തെ വീട്ടിലിരുപ്പ് എട്ടാംക്ലാസുകാരനായ ഹസ്ബിനെ എത്തിച്ചത് ബസുകളുടെ 'നിർമ്മാണശാല'യിൽ. ലൈൻ ബസ്, ടൂറിസ്റ്റ് ബസ്, ആംബുലൻസ്, മാരുതി കാർ തുടങ്ങിയവയെല്ലാം ഈ മിടുക്കന്റെ പണിശാലയിൽ നിരനിരയായി നിർത്തിയിട്ടിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്നതാണ് ഓരോ നിർമ്മിതിയും. കട്ടാങ്ങൽ ഈസ്റ്റ് മലയമ്മ സ്വദേശിയായ വടക്കേകണ്ടിയിൽ ഹസ്ബിൻ അഹമ്മദിന് കുഞ്ഞുനാളിലെ തുടങ്ങിയതാണ് ബസുകളോടുള്ള പ്രണയം. കാരണം ചോദിച്ചാൽ ബസുകൾ ഇഷ്ടാണ് അത്രമാത്രം. ബസിൽ കയറിയാൽ എത്ര തിരക്കുണ്ടായാലും ഡ്രൈവറുടെ അടുത്തെത്തും. പിന്നെ അകത്തുള്ള അലങ്കാരങ്ങളും മറ്റും സൂക്ഷ്മതയോടെ നിരീക്ഷിക്കും. സംശയങ്ങളുള്ളത് ജീവനക്കാരോട് ചോദിച്ചറിയും. ഇഷ്ടപ്പെട്ട ബസിൽ മാത്രം കയറുന്ന 'ദുശ്ശീല'വും ഹസ്ബിനുണ്ട്. അതിനായി മണിക്കൂറുകളോളം ബസ് സ്റ്റാൻഡിൽ കാത്തിരിക്കാനും അവൻ റെഡിയാണ്. ബസുകളുടെ മാതൃക നിർമ്മാണം കൗതുകത്തിന് തുടങ്ങിയതാണ്. എന്നാൽ ആവശ്യക്കാർ ഏറിയതോടെ വിൽപ്പന സജീവമാക്കിയിട്ടുണ്ട് ഈ പതിമൂന്നുകാരൻ. പിറന്നാൾ സമ്മാനം നൽകാനാണ് ഹസ്ബിന്റെ ബസ് വാങ്ങാൻ പലരും എത്തുന്നത്. നാല് ബസുകൾ ഇതിനകം വിറ്റുപോയി. ഒരു ബസിനും ഒരു ആംബുലൻസിനും ഓർഡർ വന്നിട്ടുണ്ട്. 600 രൂപയെങ്കിലും വരും ബസ് നിർമ്മിക്കാൻ ചെലവ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെരുപ്പ് സൂക്ഷിക്കുന്ന ബോക്സുകൊണ്ട് ബസുകളുടെ ചെറുരൂപങ്ങൾ നിർമ്മിച്ച് തുടങ്ങുന്നത്. ഫോക്സ് ഷീറ്റും ഫ്ളക്സ് ക്വിക്കും ഉപയോഗിച്ചാണ് ബസുകൾ നിർമ്മിക്കുന്നത്. ഗ്ലാസ് പേപ്പർ, ഫേബ്രിക് പെയിന്റ്, എൽ.ഇ.ഡി ബൾബുകൾ തുടങ്ങിയവയും ഉപയോഗിക്കുന്നു. എൽ .ഇ. ഡി ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ, ബെർത്ത് തുടങ്ങി സാധാരണ ബസുകളിൽ ഉള്ളതെല്ലാം ഹസ്ബിന്റെ ബസിലുമുണ്ട്. സാധാരണ ബസുകൾ ഉണ്ടാക്കാൻ രണ്ട് ആഴ്ചയും, ടൂറിസ്റ്റ് ബസുകളാണെങ്കിൽ ഒരാഴ്ചയും മതി. ഫേസ് ബുക്ക് കൂട്ടായ്മയുടെ ഉപദേശം തേടിയാണ് കൂടുതൽ ആകർഷകങ്ങളായ ബസുകൾ നിർമ്മിക്കുന്നത്. മെക്കാനിക്കൽ എൻജിനിയറാകണമെന്നാണ് ഹസ്ബിന്റെ ആഗ്രഹം. വിദേശത്തുള്ള പിതാവ് മുജീബും ഉമ്മ റംലയും സഹോദരി ഹിബയും ഹസ്ബിന്റെ 'കുസൃതി'കൾക്ക് എന്നും കൂട്ടായുണ്ട്. അദ്ധ്യാപകരെല്ലാം വിളിച്ച് പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ഹസ്ബിൻ പറയുന്നു.