കുറ്റ്യാടി: തൊട്ടിൽപാലം - വയനാട് അന്തർസംസ്ഥാന ചുരം റോഡിലെ അഞ്ചാം വളവിനടുത്തായി അപായക്കെണികൾ പടരുന്നു. ആകെ പൊട്ടിത്തകർന്ന നിലയിലാണ് ഈ ഭാഗത്ത് റോഡ്. അഞ്ച് മീറ്ററോളം റോഡ് കരിങ്കൽ ചീളുകൾ വേർപെട്ട് കുഴിയായി രൂപപ്പെട്ടിരിക്കുകയാണ്. മറ്റു പലയിടത്തും റോഡിൽ വിള്ളൽ വീണിട്ടുമുണ്ട്.
പാതയോരത്തെ ഓവുചാലിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ നിലയിലായതിനാൽ മലയോരങ്ങളിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളം റോഡിൽ പരന്നൊഴുകുന്നതോടെ കുഴികൾ കൂടി വരികയാണിപ്പോൾ. രണ്ട് വർഷം മുമ്പ് ഉരുൾപൊട്ടലിനെ തുടർന്ന് അഞ്ചാം വളവ് ഭാഗം കോൺക്രീറ്റ് ചെയ്തതായിരുന്നു. കുഴികൾ പരക്കുന്തോറും കെണിയിൽ കുടുങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണ. കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പെടെ നൂറ് കണക്കിനന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. പാതയോരത്തെ ഓവുചാലുകളിൽ അടിഞ്ഞു കൂടിയ മണ്ണും മാലിന്യങ്ങളും മാറ്റിയാലേ റോഡിന് രക്ഷയുള്ളുവെന്ന് പരിസരവാസികൾ പറയുന്നു.