കോഴിക്കോട്: ജില്ലയില്‍ ആർദ്രം മിഷൻറെ ഭാഗമായി നിർമ്മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിനും മറ്റു ചികിത്സയ്ക്കുമായി ഗ്രാമീണമേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാണിമേൽ, മണിയൂർ, വില്ല്യാപ്പള്ളി, കിണാശ്ശേരി, പയ്യോളി കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. ഇതിൽ പയ്യോളിയിലെ നഗര കുടുംബാരോഗ്യ കേന്ദ്രമൊഴിച്ച് മറ്റു നാലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അപ്ഗ്രേഡ് ചെയ്തവയാണ്. ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.

വാണിമേലിൽ ഇനി ഒ.പി സമയം വൈകിട്ട് 6 മണി വരെയുണ്ടാവും. ലാബ് സൗകര്യം വൈകിട്ട് 4 മണി വരെയും. ഡോക്ടര്‍മാരെ കൂടാതെ ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. ശ്വാസകോശ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവയ്ക്ക് ആഴ്ച തോറും സ്പെഷ്യൽ ക്ലിനിക്കുകൾ ഒരുക്കും.

ഇവിടെ 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം ഇ.കെ. വിജയൻ എം. എൽ. എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ഫണ്ട് ലഭ്യമാക്കിയത്. ഷീ-കോർണർ കെട്ടിടം ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും ഒ.പി കെട്ടിടം ഉദ്ഘാടനം വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയനും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.കെ.സജിത, തൂണേരി ബ്ലോക്ക് വികസനകാര്യ ചെയർമാൻ കെ.ചന്തു, വാണിമേൽ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അഷ്റഫ് കൊറ്റാല, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ ചെയർപേഴ്സൺ എൻ .പി.ദേവി തുടങ്ങിയവർ പങ്കെടുത്തു.

മണിയൂരിലെ ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ, മണിയൂർ പഞ്ചായത്ത് പ്രസി‌ന്റ് എൻ ജയപ്രഭ, മെമ്പർ കെ.പി കുഞ്ഞിക്കണ്ണൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഗീത, ടി.കെ അഷ്റഫ്, ഡോ. രാജേഷ് ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

വില്ല്യാപ്പള്ളിയിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപനവും നടന്നു. ചടങ്ങിൽ എം.പി കെ മുരളീധരൻ, പാറക്കൽഅബ്ദുള്ള എം.എൽ.എ, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടക്കലാണ്ടി കൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടക്കാട്ട് ബാബു, ഒ.എം ബാബു, കെ.എം ബാബു, വട്ടക്കണ്ടി കുഞ്ഞമ്മദ്, എം.പി പ്രകാശ് കുമാർ, ടി.പി.രാജൻ, ഡോ.ബിജിലേഷ് എന്നിവർ പങ്കെടുത്തു.

കിണാശ്ശേരിയിൽ ഒരുക്കിയ ചടങ്ങിൽ ഡോ.എം.കെ.മുനീർ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രതിഭ തുടങ്ങിയവർ സംബന്ധിച്ചു..

പയ്യോളിയിൽ എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കീഴൂരിൽ സബ് സെന്ററിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലാണ് നഗരസഭയുടെ നഗര കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുക. കെ.ദാസൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.ടി.ഉഷ, വൈസ് ചെയർമാൻ കെ.വി. ചന്ദ്രന്‍, സ്ഥിരംസമിതി അംഗം സമീറ, കൗണ്‍സിലർമാരായ മഠത്തിൽ നാണു, പ്രമീള രാജൻ, ഷാഹുൽ ഹമീദ്, ഡോ. നിസ്മ ബാവ ഉസ്മാന്‍, ഡോ.പി.കെ അബ്ദുൽബാരി, ജില്ല അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ പി.ഷിജിത്, ജയപ്രവീൺ, എം.പത്മിനി, ആർ.രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.