kunthamangaklam
കുന്ദമംഗലം സബ് ട്രഷറി ഓഫീസ് ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കുന്നു

കോഴിക്കോട്: കുന്ദമംഗലം സബ് ട്രഷറിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ധനകാര്യമന്ത്രി തോമസ് ഐസക് നിർവഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

ട്രഷറിയിലെ നിക്ഷേപം ഇടപാടുകാർക്ക് നേട്ടമുണ്ടാക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ മുടക്കം വരുത്തിയിട്ടില്ല. ഏതു സമയത്തും പിൻവലിക്കാനാവുന്ന രീതിയിൽ സുതാര്യമാണ് ട്രഷറി ഇടപാടുകൾ.

പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഉൾപ്പെടെ നിരന്തരം ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് ഇവിടെ സബ് ട്രഷറി സബ് ട്രഷറി അനുവദിച്ചത്. മിനി സിവില്‍ സ്റ്റേഷനിൽ താഴത്തെ നിലയിലാണ് ട്രഷറി ഓഫീസ്. സബ് ട്രഷറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, സെലക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്‍റ്, ഓഫീസ് അറ്റൻഡൻറ് എന്നിങ്ങനെ ഓരോ തസ്തികകളും ജൂനിയര്‍ അക്കൗണ്ടന്‍റിന്‍റെ രണ്ട് തസ്തികകളും ഇവിടേക്കായി സൃഷ്ടിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകളും ഐ.ടി അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും മറ്റു മരാമത്തുകൾക്കുമായി 21. 50 ലക്ഷം രൂപ ചെലവഴിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ആദ്യ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണിയ്ക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ലീന വാസുദേവന്‍, സി. മുനീറത്ത്, പി.അപ്പുക്കുട്ടന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി. ബൈജു, ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.യു ബീന, ജില്ലാ ട്രഷറി ഓഫീസര്‍ എ. സലില്‍ എന്നിവർ സംസാരിച്ചു.