കോഴിക്കോട് : ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5,872 ആയി ഉയർന്നു.

പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെയുമാണ് ഹോം ഐസൊലേഷനിലാക്കുന്നത്. കോർപ്പറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ; 2107 പേർ. വളയത്താണ് ഏറ്റവും കുറവ്; 10 പേർ.

ആർ.ആർ.ടിയുടെ അറിവോടെയാണ് ഹോം ഐസൊലേഷൻ തീരുമാനിക്കുന്നത്. ഇങ്ങനെ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യവിവരം ദിവസവും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലക്ഷണമില്ലാത്ത രോഗികൾക്ക് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഹോം ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്. രോഗികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ ഉടനെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ, വാർഡ് ആർ.ആർ.ടി എന്നിവരെയോ അറിയിക്കാം. ഹോം ഐസൊലേഷന് തിരഞ്ഞെടുത്തിട്ടുള്ള വീടുകളിലേക്ക് വാഹന, ടെലിഫോൺ, ഇന്റർനെറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെന്ന് ഹെൽത്ത് ടീം ഉറപ്പു വരുത്തുന്നുണ്ട്.

ഹോം ഐസൊലേഷന് സജ്ജമാക്കിയ വീടുകളിൽ യാതൊരു കാരണവശാലും സന്ദർശകരെ അനുവദിക്കരുത്. രോഗികൾ ദിവസവും റെഡ് ഫ്‌ളാഗ് സൈൻസ് (ശ്വാസതടസ്സം, നെഞ്ചുവേദന, രക്തം തുപ്പൽ, അകാരണമായ മയക്കം, ക്ഷീണം, തലചുറ്റൽ) സ്വയം നിരീക്ഷിക്കണം.

ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് സമീകൃതാഹാരം ഉറപ്പാക്കണം. ഇവർ ധാരാളം വെളളം കുടിക്കുകയും വേണം. രാത്രി എട്ട് മണിക്കൂർ ഉറക്കം അനിവാര്യമാണ്.