mahila-mall-


കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ തുറന്ന മഹിളാ മാളിൽ പേരിനു പോലും കച്ചവടമില്ലാതെ കടയുടമകൾ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആറു മാസമായി അടഞ്ഞുകിടന്ന മാൾ സംരംഭകരുടെ നിരന്തര പ്രതിഷേധത്തിനു പിന്നാലെ കഴിഞ്ഞ മാസം തുറന്നതായിരുന്നു. ഇപ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ കടകൾ തുറന്ന് മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാർ.

നീണ്ട ഇടവേളയ്ക്ക് ശേഷം മാൾ തുറന്നപ്പോൾ മിക്ക ഷോപ്പുകളിലെയും സാധന സാമഗ്രികൾ പാടെ നശിച്ചിരുന്നു. നിലവിൽ കച്ചവടം നടക്കാത്തതിനാൽ പലരും ഇപ്പോൾ കടകൾ തുറക്കാറില്ല. ചിലർ ഒന്നിടവിട്ട ദിവസങ്ങളിൽ വന്ന് കടകൾ വൃത്തിയാക്കി പോവുക മാത്രമാണ് ചെയ്യുന്നത്.

പല ഷോപ്പുകളിലെയും കമ്പ്യൂട്ടർ, എ സി, പ്രിന്ററുകൾ എന്നിവ പ്രവർത്തിക്കാത്ത പരുവത്തിലാണ്. എലി ശല്യം കാരണം ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു. മഴയിൽ കടയ്ക്കുള്ളിൽ വെള്ളമെത്തുന്നതിനാൽ സാധനങ്ങൾ പലതും നശിച്ച് പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പലർക്കും വന്നിട്ടുള്ളത്. ഇനി പുതിയ സ്‌റ്റോക്ക് എങ്ങനെ കൊണ്ടുവരാനാണെന്ന ചോദ്യമാണ് കടയുടമകളുടേത്.

എൺപതോളം ഷോപ്പ് മുറികളാണ് മാളിലുള്ളത്. നിലവിൽ പ്രവർത്തിക്കുന്നത് മുപ്പത് ഷോപ്പുകൾ മാത്രം.

അതിനിടെ, കോർപ്പറേഷൻ ക്ഷേമകാര്യ വകുപ്പ് നടത്തിയ പഠനത്തിൽ മുൻപരിചയമില്ലായ്മയാണ് മാളിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്. പ്രതിസന്ധി മറികടക്കാനായി മാളിന്റെ നടത്തിപ്പിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കുമായി ഒരാളെ നിയമിക്കണമെന്നും ക്ഷേമകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

യൂണിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും മാർഗനിർദേശങ്ങൾ നൽകാനുമായാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള മാളിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടത്തിയിട്ടില്ലെന്നും വിശദമായ റിപ്പോർട്ട് മേയർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.