കോഴിക്കോട്: കൊവിഡ് കാരണം ജില്ലയിൽ ഏറ്റവുമധികം അടച്ചിടേണ്ടി വന്ന സർക്കാർ ഓഫീസുകളിൽ മുന്നിൽ നിൽക്കുന്നത് റവന്യു വകുപ്പ് ഓഫീസുകളായിരിക്കും.

സാധാരണക്കാർ ഏറ്റവുമധികം എത്തുന്ന ഒരു ഡസനിലധികം വില്ലേജ് ഓഫീസുകളാണ് അടച്ചിടേണ്ടി വന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കോട്ടൂളി വില്ലേജ് ഓഫീസ് അടച്ചത്.

ഇതിന് മുമ്പ് കൊടിയത്തൂർ, കക്കോടി, വളയനാട്, കാക്കൂർ, ബേപ്പൂർ, ഫറോക്ക്, കടലുണ്ടി, കുമാരനല്ലൂർ, കക്കാട് തുടങ്ങിയ വില്ലേജ് ഓഫീസുകളും അടച്ചിടേണ്ടി വന്നിരുന്നു.

കോഴിക്കോട് താലൂക്ക് ഓഫീസും കൊവിഡ് കാരണം അടച്ചിട്ടു. ചില ഓഫീസുകൾ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അടച്ചിടേണ്ടി വന്നതെങ്കിൽ ചില ഓഫീസുകൾ ഒരാഴ്ചയിലധികമാണ് അടഞ്ഞു കിടന്നത്. ജനങ്ങളുടെ ജാഗ്രത കുറവ് കൊണ്ടാണ് പലപ്പോഴും ഓഫീസുകൾ അടച്ചിടേണ്ടി വരുന്നത് എന്ന ആരോപണവുമുണ്ട്. ചുരുക്കം ചിലർ കാണിക്കുന്ന ജാഗ്രതകുറവിന് ശിക്ഷ അനുഭവിക്കുന്നത് മുഴുവൻ ജനങ്ങളുമാണ്. ഇതു മൂലം പൊതുജനങ്ങൾക്ക് അത്യാവശ്യമായ പല സർട്ടിഫിക്കറ്റുകളുമാണ് ലഭിക്കാതായത്.

കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായും പാലിക്കുകയാണെങ്കിൽ വില്ലേജ് ഓഫീസുകൾ അടച്ചിടുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

അത്യാവശ്യത്തിന് മാത്രം ഓഫീസുകളിൽ എത്തുക. ഓഫീസിൽ എത്തിയാൽ തിക്കും തിരക്കം കാണിക്കാതെ സാമൂഹിക അകലം പാലിക്കുക.ഓഫീസുകളിൽ എത്തുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കൽ വില്ലേജ് ഓഫീസുകൾ അടച്ചിടുന്നത് ഒഴിവാക്കാൻ സാധിക്കും.