 
കോഴിക്കോട് : സ്വർഗക്കുന്നിലെ അന്നമ്മ ജോസഫിന് ഡിഗ്രി പഠനം കൊണ്ടു നിറുത്തേണ്ടതില്ല. ഇനിയും തുടർന്നു പഠിക്കുന്നതിന് എല്ലാം സഹായവും ഉറപ്പായിക്കഴിഞ്ഞു.
വയനാട്ടിലേക്കുള്ള തുരങ്കപാത തുടങ്ങുന്നിടമെന്ന നിലയിൽ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയ ആനക്കാംപൊയിൽ
സ്വർഗംകുന്നിലെ ഏക കുടുംബമാണ് അന്നമ്മയുടേത്. പതിറ്റാണ്ടുകൾക്കപ്പുറം മൺകട്ടയിൽ തീർത്ത വീട്ടിലേക്ക് നല്ലൊരു വഴി പോലുമില്ലാതിരുന്നിട്ടും ഇവിടെ ഒറ്റപ്പെട്ടു കഴിഞ്ഞുകൂടുന്ന ആനക്കുടി ജോസഫ് - അൽഫോൻസ ദമ്പതികളുടെ വീടിന്റെ ദുരിതചിത്രം ഇതിനിടെ കേരളകൗമുദിയിൽ വന്നിരുന്നു. ഇത് കണ്ട് ഇവരുടെ മകൾ അന്നമ്മയുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കാൻ തയ്യാറായിരിക്കുകയാണ് പാലക്കാട്ടു നിന്നുള്ള ഒരു സുമനസ്സ്. കോടഞ്ചേരി ഗവ. കോളേജിൽ ബി.എ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അന്നമ്മ.
സഹായം നൽകാൻ സന്നദ്ധത അറിയിച്ച് കേരളകൗമുദിയെ ബന്ധപ്പെട്ട ഈ സുമനസ്സ് തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇദ്ദേഹം ഫോണിൽ അന്നമ്മയുമായും സംസാരിച്ചു. ഇഷ്ടപ്രകാരം തുടർപഠനമാവാമെന്നും അതിനു പണം തടസ്സമാവില്ലെന്നും പറഞ്ഞു. വൈകാതെ ലാപ്ടോപ്പ് എത്തിക്കുമെന്നു കൂടി അറിയിച്ചു.
കമുകിൻതടി ചേർത്തുവെച്ച് പേരിനൊരു തൂക്കുപാലമുള്ള മറിപ്പുഴയും കടന്നുവേണം കുന്നിൻമുകളിൽ ആനക്കുടി ജോസഫിന്റെ വീട്ടിലെത്താൻ. വർഷകാലത്ത് പലപ്പോഴും വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാതാവും. വർഷങ്ങൾക്കുമുമ്പ് കുടിയേറ്റക്കാരിൽ മറ്റു ആറേഴു വീട്ടുകാർ ഒഴിഞ്ഞുപോയപ്പോഴും ബദൽ ആലോചിക്കാനാവാതെ ഇവിടെതന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതമാവുകയായിരുന്നു ജോസഫിന്റെ കുടുംബം. രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ തങ്ങളുടെ ജീവിതത്തിനു കൂടുതൽ വെളിച്ചം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫും കുടുംബവും.
''ഒരുപാട് സന്തോഷമുണ്ട്. വാർത്ത കണ്ട് നിരവധി പേർ വിളിച്ചു. പാലക്കാട് നിന്നു വിളിച്ച ആ നല്ല മനുഷ്യൻ
തുടർപഠനത്തിനുള്ള എല്ലാ സഹായവും ഉറപ്പ് തന്നിരിക്കുകയാണ്.
-അന്നമ്മ ജോസഫ്