നാദാപുരം: വിക്ടേഴ്സ് ചാനലിൽ ഗണിതം മധുരമാക്കി തങ്കമണി ടീച്ചർ. നാദാപുരം സി സി യു പി സ്‌കൂളിലെ ഗണിത അധ്യാപികയാണ് തങ്കമണി. വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസിലെ പാഠ ഭാഗമെടുത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ പിടിച്ച് പറ്റിയ മുതുവടത്തൂർ വി.വി.എൽ.പി സ്‌കൂളിലെ സായ് ശ്വേത ടീച്ചർക്ക് പിന്നാലെയാണ് വടകര വിദ്യാഭ്യാസ ജില്ലയിൽ നിന്ന് തങ്കമണി ടീച്ചർ കൂടി കടന്ന് വന്നത്. ആറാം ക്ലാസിലെ ഭിന്ന സംഖ്യകളെ കുറിച്ചുള്ള ക്ലാസ് വിദ്യാർഥികൾക്ക് എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ രസകരമായി ടീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനലിൽ ഗണിത ക്ലാസെടുക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് തങ്കമണി ടീച്ചർ പറഞ്ഞു.