കോഴിക്കോട്: സത്യസന്ധത കൈവിടാതെ കഠിനാദ്ധ്വാനത്തിലൂടെ വിജയരഥമേറിയ പ്രവാസി വ്യവസായിയാണ് ശ്രീകുമാർ കോർമത്ത്. കുട്ടിക്കാലത്തെ മനസിലുറപ്പിച്ചതാണ് പഠിച്ച് നല്ലാെരു ജോലി സ്വന്തമാക്കുമെന്ന്. അച്ഛന്റെ അനുഗ്രഹവും പിന്തുണയും തൊഴിൽ തേടിയുള്ള യാത്രയിൽ ദീപസ്തംഭമായി. ഇന്ന് വിദേശത്ത് പേരുകേട്ട ബിസിനസുകാരനാണ് ശ്രീകുമാർ. പയ്യന്നൂർ എടച്ചേരി കണ്ണപൊതുവാളിന്റെയും മീനാക്ഷി അമ്മയുടെയും ആറാമത്തെ മകനായാണ് ജനനം.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി. ഏതൊരു മലയാളിയെയും പോലെ നിറമാർന്ന സ്വപ്നങ്ങളുമായി 1985ൽ മുംബയിലേക്ക് വണ്ടി കയറി. 21ാം വയസിൽ സി.എ പഠിക്കണമെന്ന മോഹവുമായിട്ടായിരുന്നു മുംബയിലേക്കുള്ള യാത്ര. ഫിനാൻസിൽ പി.ജിയെടുത്ത് മുംബയ് റിലയൻസ് കമ്പനിയിൽ ക്ലർക്കായി ആദ്യ ജോലി. 335 രൂപയായിരുന്നു മാസശമ്പളം. പിന്നീട് മൂന്നു വർഷത്തോളം ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായും പ്രവർത്തിച്ചു. 1988ലാണ് മസ്കറ്റിലേക്ക് പറക്കുന്നത്. മുംബയ് വാസത്തിനിടെ കിട്ടിയ സുഹൃത്തുക്കളാണ് ബിസിനസിൽ ചുവടുറപ്പിക്കാൻ പ്രോത്സാഹനം തന്നത്. അക്കാലത്ത് കമ്പനിയുടെ അക്കൗണ്ടൻറ് കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു ശ്രീകുമാർ.
ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ടെന്ന് പറയും പോലെ ഏതു സംരംഭത്തിലായാലും ബിസിനസിലായാലും മലയാളിയുടെ കൈയൊപ്പുണ്ടാകും. എന്നാൽ മലയാളികളുടെ പ്രധാന പരിമിതി ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. മുംബയിൽ ജോലി ചെയ്യുന്ന കാലത്ത് പല മേഖലയിൽ വിജയം കൊയ്ത നിരവധി മലയാളികളെ പരിചയപ്പെട്ടിട്ടുണ്ട്. പിതാവ് സെയിൽടാക്സിലായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം പയ്യന്നൂരിൽ ശ്രീകുമാർ ട്രേഡേഴ്സ് എന്ന പേരിൽ പലചരക്ക് കച്ചവടം ആരംഭിച്ചു. ബിസിനസിന്റെ ആദ്യപാഠം പിതാവിൽ നിന്നായിരുന്നു. ബാല്യത്തിൽ സാമ്പത്തിക പ്രയാസങ്ങൾ അറിഞ്ഞായിരുന്നു ജീവിതം. പഠിക്കുന്ന കാലത്ത് അമേരിക്കയിൽ ജോലി ചെയ്യണമെന്നായിരുന്ന മോഹം. വളർന്നപ്പോൾ ഗൾഫാണ് നല്ലതെന്ന് തോന്നി. ഗൾഫിലായിരുന്നപ്പോൾ പല ബിസിനസുകാരെയും പരിചയപ്പെട്ടു. അവരിൽ നിന്ന് പകർന്നു കിട്ടിയ ചില ബിസിനസ് അനുഭവങ്ങൾ സ്വന്തമായി സംരംഭം തുടങ്ങാൻ പ്രചോദനമായി. "ഒരു ലക്ഷം വരെ പണിയെടുത്താൽ മതി, അതുകഴിഞ്ഞാൽ ലക്ഷം തന്നെ പണിയെടുത്തോളും" പിതാവിൻറെ വാക്കുകൾ എന്നും നെഞ്ചോട് ചേർത്താണ് നാളിതുവരെ പ്രവർത്തിച്ചത്. പന്ത്രണ്ട് വർഷത്തോളം ഇരുരാജ്യങ്ങളിലും ജോലി ചെയ്തു.
2000ത്തിൽ മസ്കറ്റിലും ദുബായിലും ട്രാവൽ ഏജൻസി ആരംഭിച്ചു. മജാൻ ട്രാവൽസ് എന്നപേരിൽ ദുബായിലും, മസ്കറ്റിൽ ദുബായ് ട്രാവൽസ് എന്ന പേരിലും . തുടക്കത്തിൽ എയർലൈൻ ടിക്കറ്റ് ബുക്കിംഗ് മാത്രമായിരുന്നു. ഇരുപത്തിയൊന്നാം വയസിൽ പ്രവാസജീവിതം തുടങ്ങിയ ശ്രീകുമാറിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് മജാൻ ട്രാവൽസും ദുബായ് ട്രാവൽസും.
വിശ്വസ്തതയാണ് ഈ രണ്ട് ട്രാവൽസ് ഏജൻസിയുടെയും മുഖമുദ്ര. ഒരിക്കൽ ബുക്ക് ചെയ്ത യാത്രക്കാർ വീണ്ടും വീണ്ടും വരുന്നതിന്റെ രഹസ്യവും അതുതന്നെ. തുടക്കത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇന്നത് 80 ആയി വളർന്നു. മസ്കറ്റിലും ദുബായിലും പതിനെട്ടോളം ബ്രാഞ്ചുകളുണ്ട്. മസ്ക്കറ്റ് ഷെയർ മാർക്കറ്റിലും ദുബായ് ഷെയർ മാർക്കറ്റിലും തിളങ്ങി നിൽക്കുന്ന ബിസിനസുകാരനാണ് ശ്രീകുമാർ.
ബാങ്ക് ലോൺ ശ്രീകുമാറിന് താത്പര്യമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നാലും ബാങ്ക് ലോൺ എടുക്കില്ലെന്ന വാശിയുണ്ട്. 32 വർഷത്തോളമായി ബിസിനസിൽ കാലൂന്നി നിൽക്കുന്ന ശ്രീകുമാർ നേടിയതെല്ലാം സ്വപ്രയത്നത്തിലൂടെ. സത്യസന്ധതയും സഹജീവികളോട് കാട്ടാൻ കരുണയുള്ള മനസുമുണ്ടെങ്കിൽ വിജയം സുനിശ്ചിതമെന്ന് വിശ്വസിക്കാനാണ് ശ്രീകുമാറിന് ഇഷ്ടം. സഹായം ചോദിച്ച് വീട്ടുപടിക്കലെത്തുന്ന ആരെയും വെറുംകൈയോടെ മടക്കി അയച്ച ചരിത്രം ശ്രീകുമാറിനില്ല. ഓണമായാലും റമദാനായാലും ആഘോഷങ്ങളുടെ ഒരു സ്പോൺസർ ശ്രീകുമാർ ആയിരിക്കും.
പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 30 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപയും സംഭാവന ചെയ്താണ് ദുരിതകാലത്ത് സർക്കാരിനെ ശ്രീകുമാർ ചേർത്തുനിർത്തിയത്.കു ട്ടിക്കാലം തൊട്ടേയുള്ള ശീലമാണ് കൈയിൽ കിട്ടുന്നത് മിഠായി ആണെങ്കിലും വീതം വയ്ക്കുന്നത്. മുതിർന്നിട്ടും ശീലം മാറ്റിയില്ല. കൊവിഡിൽ നാടാകെ അടച്ചിട്ടപ്പോൾ പാവപ്പെട്ട നിരവധി പേർക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. ഓണക്കാലത്ത് കൊവിഡിൽ ദുരിതമനുഭവിക്കുന്ന വാദ്യകലാകാരന്മാർക്ക് കിറ്റുകൾ നൽകി. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളെ സഹായിച്ചു. നിർദ്ധന രോഗികൾക്ക് സഹായ ഹസ്തമാണ് ഇപ്പോഴും ശ്രീകുമാർ.
ബിസിനസിന് ഇടവേള നൽകി രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ശ്രീകുമാർ. ഗൾഫിലെ ബിസിനസ് മകനെ ഏൽപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ഉദ്ദേശം. സാഹചര്യം ഒത്തുവന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും.
പ്രവാസികൾ കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ശ്രീകുമാറിന്റെ പക്ഷം. രാജ്യത്തിനാവശ്യം ശരിയായ വികസനമാണ്. അതിന് പ്രവാസികളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് ശ്രീകുമാർ പറയുന്നു.
കുടുംബത്തിന്റെ പിന്തുണയാണ് എല്ലാ കാര്യത്തിലും ശ്രീകുമാറിന്റെ ശക്തി. ഭാര്യ വിനുത നമ്പ്യാറും മക്കളായ ശ്രീമുരുകേഷ് നമ്പ്യാർ, ശ്രീലക്ഷ്മി നമ്പ്യാർ, കൃഷ്ണ നമ്പ്യാർ എന്നിവരും തീരുമാനങ്ങൾക്ക് എന്നും ഒപ്പമുണ്ട്. ബി.കോം ബിരുദധാരിയായ ശ്രീമുരുകേഷ് സി.എ അവസാന വർഷ
വിദ്യാർത്ഥിയാണ്. ശ്രീലക്ഷ്മി എം.ബി.ബി.എസ് അവസാന വർഷം പഠിക്കുന്നു. കൃഷ്ണ വിദ്യാർത്ഥിയാണ്.