water
ക​ൽ​പ്പ​റ്റ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വൈ​ത്തി​രി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സി.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​​ ​ആ​ദ്യ​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്‌​ഷ​ൻ​ ​ന​ൽ​കുന്നു

കൽപ്പറ്റ: ജല ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി ജില്ലയിൽ അനുവദിച്ചത് 5725 ഗാർഹിക കുടിവെള്ള കണക്‌ഷനുകൾ. പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമീണ മേഖലയിലെ ഭവനങ്ങളിൽ 2024ഓടെ കുടിവെള്ള കണക്‌ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ 716 പഞ്ചായത്തുകളിലായി 4343 കോടി രൂപയുടെ 564 പദ്ധതികൾക്കാണ് ആദ്യ ഘട്ടത്തിൽ ഭരണാനുമതി നൽകിയിട്ടുളളത്.

നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വർദ്ധിപ്പിച്ചും, പദ്ധതികളുടെ കാലാവധി ദീർഘിപ്പിച്ചും, ശുദ്ധജല സ്രോതസ്സുകൾ ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്‌ഷനുകൾ നൽകുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ഉടൻ ലഭിക്കുന്നതിനായി ഈ വിഭാഗത്തിലുള്ളവർ കൂടുതലുളള പഞ്ചായത്തുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പദ്ധതിയുടെ പുരോഗതി വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കുന്ന തരത്തിൽ സുതാര്യവും, സമയബന്ധിതവുമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സഹായം ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസികൾ കേരള വാട്ടർ അതോറിറ്റിയും, ജലനിധിയുമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ 586 വില്ലേജുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്‌ഷനുകൾ നൽകും.

ജില്ലയിലെ 12 പഞ്ചായത്തുകളിലായി 5725 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ള കണക്‌ഷൻ എത്തിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് (155), എടവക ഗ്രാമപഞ്ചായത്ത് (475), അമ്പലവയൽ ഗ്രാമപഞ്ചായത്ത് (465), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (610), മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് (650), മുട്ടിൽ ഗ്രാമപഞ്ചായത്ത് (250), കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് (900), പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് (670), തരിയോട് ഗ്രാമപഞ്ചായത്ത് (400), വൈത്തിരി ഗ്രാമപഞ്ചായത്ത് (450), വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് (300), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് (400) എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളിൽ അനുവദിച്ചിട്ടുള്ള കുടിവെള്ള കണക്‌ഷനുകളുടെ എണ്ണം. ഇതിനായി 11.425 കോടി രൂപയാണ് ചെലവിടുന്നത്.

ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ, കൽപ്പറ്റ മണ്ഡലത്തിലെ വൈത്തിരി ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, സുൽത്താൻ ബത്തേരി മണ്ഡലത്തിലെ അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ ആദ്യ കുടിവെള്ള കണക്‌ഷൻ നൽകി.

തിരുനെല്ലി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി. മായാദേവി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.

വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വിവിധ ഉദ്യോഗസ്ഥർ എന്നിവരും അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.