
സുൽത്താൻ ബത്തേരി: ബീനാച്ചി സ്‌കൂൾ കുന്നിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കടുവ ഇന്നലെയും പ്രദേശത്ത് എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് പന്നികളിൽ ഒന്നിന്റെ പകുതി ഭക്ഷിച്ച മാംസാവശിഷ്ടങ്ങൾ രാത്രി കടുവ വന്ന് വീണ്ടും തിന്നുതീർത്തു.
ബീനാച്ചിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. ഇവിടെ തന്നെയാണ് അർദ്ധരാത്രിക്ക് ശേഷവും വീണ്ടും കടുവ എത്തിയത്. പന്നിയെ കൊന്നിട്ട സ്ഥലത്ത് നിന്ന് രാത്രി മൃഗത്തിന്റെ മുരൾച്ചയും കടിപിടി കൂടുന്ന ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. ഒന്നിലധികം കടുവകൾ സ്ഥലത്ത് എത്തിയിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണ കടുവകൾ ഇണചേരുന്ന സമയത്ത് മാത്രമെ മറ്റ് കടുവകളെ അടുപ്പിക്കാറുള്ളൂ. അല്ലാത്ത സമയങ്ങളിലെല്ലാം തന്റെ അധികാര പരിധിയിൽ ആരെയും കയറ്റാറില്ല. ഇപ്പോൾ കടുവകൾ ഇണചേരുന്ന സമയമാണ്.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വനപാലകർ പരിശോധന നടത്തുകയും കടുവ തന്നെയാണ് പന്നിയെ കൊന്നതെന്ന് സ്ഥിരികരിക്കുകയും ചെയ്തു. പ്രദേശത്ത് ഇതിന്റെ നീക്കം മനസിലാക്കുന്നതിനായി ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബീനാച്ചി സ്‌കൂൾ കുന്നിലെ താമസക്കാരനായ ശിഹാബ് ജോലിസംബന്ധമായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പന്നിയുടെ കരച്ചിൽ കേട്ടത്. പിന്നീട് മൃഗത്തിന്റെ മുരൾച്ചയും കേട്ടു. കടുവയാണെന്ന് സംശയമുണ്ടായതിനാൽ തിരികെ വീട്ടിലേക്ക് തന്നെ കയറി. നേരം പുലർന്നശേഷം ഒച്ചകേട്ട ഭാഗത്ത് പോയിനോക്കിയപ്പോഴാണ് രണ്ട് കാട്ടുപന്നികളുടെ പകുതി ഭക്ഷിച്ച ശരീരാവശിഷ്ടങ്ങൾ ചിതറി കിടക്കുന്നത് കണ്ടത്. ഉടൻ പ്രദേശവാസികളെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് കണ്ടത്തുകയും ജനങ്ങളോട് ജാഗ്രത പാലിക്കാനും പറഞ്ഞു.
ബീനാച്ചി കട്ടയാട് പ്രദേശത്ത് ഇതിന് മുമ്പും കടുവയെ നാട്ടുകാർ കണ്ടിരുന്നു. ഇവിടെയുള്ള നിരവധിപേരുടെ വളർത്തു മൃഗങ്ങളെയാണ് ഇതിന് മുമ്പ് കാണാതായത്. മൂന്നാഴ്ച മുമ്പാണ് ബത്തേരി പട്ടണത്തോട് ചേർന്ന കട്ടയാട് കടുവയിറങ്ങിയത്. ഇവിടെ കാണപ്പെട്ട കടുവ ബീനാച്ചി ഭാഗത്തേക്കാണ് അന്ന് നീങ്ങിയത്.
മദ്ധ്യപ്രദേശ് സർക്കാരിന്റെ കൈവശത്തിലുള്ള 450 ഏക്കറോളം വരുന്ന ബീനാച്ചി കാപ്പിതോട്ടത്തിൽ ഭൂരിഭാഗം പ്രദേശവും വനഭൂമിയായി മാറിയിരിക്കുകയാണ്. എല്ലാവിധ മൃഗങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്.
കടുവ ഭീഷണി കർണാടക വനത്തിനരികിൽ
കർണാടക വനത്തോട്‌ചേർന്ന പ്രദേശങ്ങളിലാണ് കടുവഭീഷണി കൂടുതൽ നിൽക്കുന്നത്. പുൽപ്പള്ളി ,ചാത്തമംഗലം, പാമ്പ്ര,ചീയമ്പം,ചേലക്കൊല്ലി-പാപ്ലശ്ശേരി, മൂടക്കൊല്ലി, കുപ്പാടി, പാട്ടവയൽ, ചീരാൽ, വള്ളുവാടി, വടക്കനാട്, പൊൻകുഴി തുടങ്ങി സ്ഥങ്ങളിലാണ് കടുവ ശല്യം രൂക്ഷമായിട്ടുള്ളത്. കർണാടക വനത്തോട്‌ചേർന്ന് കിടക്കുന്ന വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ഈ പ്രദേശവുമായി അടുത്തു കിടക്കുന്നസ്ഥലങ്ങളിലുമാണ് സ്ഥിരമായി കടുവയുടെ സാന്നിദ്ധ്യം കാണുന്നത്.
കടുവകളുടെ ഇണചേരുന്ന കാലം
കടുവകൾക്ക് ഇനിയുള്ള മൂന്ന് മാസം ഇണചേരുന്ന കാലമാണ്. സാധാരണ കടുവകൾ ഒരു ഭൂപ്രദേശത്ത് ഒറ്റയ്ക്കാണ് കഴിയുക. ഇവരുടെ അധികാര പരിധിയിലേക്ക് മറ്റെതെങ്കിലും കടുവകൾ വന്നാൽ അതിനെ ആക്രമിച്ച് ഓടിക്കും. ഇണചേരുന്ന മാസങ്ങളിൽ മാത്രമാണ് സാധാരണ മറ്റ് കടുവകളെ അടുപ്പിക്കാറുള്ളൂ. സാധാരണ ഒരു കടുവയുടെ അധികാര പരിധി 50 കിലോമീറ്റർ വരെ വരും. കടുവകളുടെ എണ്ണത്തിനനുസരിച്ച് ഭൂവിസ്തൃതി കൂടുകയും കുറയുകയും ചെയ്യും. നവംബർ മുതലാണ് ഇണചേരുന്ന കാലം. അടുത്ത ഫെബ്രുവരി വരെ വനമേഖലയിൽ നിന്ന് കടുവകൾ പുറത്തേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്.
കടുവകളുടെ കോളർ ടെസ്റ്റ്
കടുവകളുടെ നീക്കം നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള കോളർ ടെസ്റ്റ് രണ്ട് പതിറ്റാണ്ടിന് മുമ്പ് കർണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണകേന്ദ്രത്തിൽ നടത്തുകയുണ്ടായി. അന്ന് മരുന്നിന്റെ റിയാക്‌ഷനെ തുടർന്ന് നിരവധി കടുവകൾക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇതോടെ കൊളർ ഐഡി ഘടിപ്പിക്കുന്നത് നിർത്തിവെച്ചു.