mla

കാഞ്ഞങ്ങാട്: ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ തനി കർഷകനാണ്. സംഘടനാ പ്രവർത്തനം പോലും അതു കഴിഞ്ഞേ ഉള്ളൂ. ഇത്തവണ ഒന്നാം വിളയ്ക്കായി ഉമ നെൽവിത്താണ് വിതച്ചത്. വിത്തിട്ട സമയത്ത് ആവശ്യത്തിനു മഴ കിട്ടിയതിനാൽ ഞാറ്റടികൾ ആരോഗ്യത്തോടെ വളർന്നു. ഇപ്പോൾ വയലിൽ സ്വർണ വർണത്തിൽ കതിർ മണികൾ നെൽച്ചെടികളിൽ കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എം.എൽ.എ പറയുന്നു.

വീടിനോട് ചേർന്ന ചെറൂട്ട വയലിലാണ് കൃഷി ഇറക്കുന്നത്. ഇപ്രാവശ്യം വിളവെടുക്കാൻ നേരത്ത് നിർത്താതെ പെയ്ത മഴ കുഞ്ഞിരാമേട്ടനും ആശങ്ക ജനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെയും മാറി നൂറുമേനി തന്നെ വിളവു കിട്ടിയിട്ടുണ്ട് എം.എൽ.എ വ്യക്തമാക്കുന്നു. കർഷകനെ മാറ്റി നിർത്തിയാൽ മാതൃകയാക്കാവുന്ന ജനപ്രതിനിധിയുമാണ് അദ്ദേഹം.

കൊവിഡ് കാലത്തും അദ്ദേഹത്തിന്റെ പ്രവൃത്തി യിൽ ഒട്ടും കുറവില്ല. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സക്രിയമാണ് അദ്ദേഹം. ചട്ടഞ്ചാലിൽ ടാറ്റ കൊവിഡ് ആശുപത്രിയുടെ കാര്യമായാലും ആയംപാറയിലെ ഏറ്റവും ഉയരമുള്ള പാലമായാലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകൾ മെക്കാഡം ടാറിംഗ് നടത്തിയതും ഉദുമ മണ്ഡലത്തിലാണ്.

നിയമസഭയുടെ മറ്റു സമിതികളിലെ അംഗമെന്ന നിലയിലും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമില്ല വീട്ടിൽ പശുവും കോഴിയും താറാവും എന്നു വേണ്ട നാട്ടിൻ പുറത്തെ വീട്ടിൽ ഇല്ലാത്തതൊന്നുമില്ല. രാവിലെ എട്ടരയോടെ വയലിലിറങ്ങുന്ന എം.എൽ.എ മറ്റുള്ളവർക്കൊപ്പം കൊയ്യാനും കറ്റകെട്ടാനും തയ്യാർ. പിന്നെ കറ്റകൾ ചെറു കെട്ടുകളാക്കി പണിക്കാരുടെ തലയിലേക്ക് വെക്കും. അവർ വീട്ടിൽ കൊണ്ടിടും. രണ്ടു മണിക്കൂറോളം വയലിൽ കഴിഞ്ഞ ശേഷം പൊതു പ്രവർത്തന രംഗത്തേക്ക് ചുവടു വെക്കുകയായി. എം.എൽ.എ എന്നാൽ ഇസ്തിരി പൊളിയാത്ത ഷർട്ടുമിട്ട് സ്വത്ത് കച്ചവടത്തിനു പോകുന്ന കാലത്ത് കുഞ്ഞിരാമൻ ഒരു പ്രതീക്ഷയാണ്.