vazha
പൊട്ടിപ്പൊളിഞ്ഞ തൊട്ടിൽപാലം, - നിടുവയൽ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ

കുറ്റ്യാടി: തൊട്ടിൽപാലത്തു നിന്നു നിടുവയൽ ഭാഗത്തേക്കുള്ള റോഡ് വയൽ പരുവത്തിലായി മാറിയിട്ടും പരിഹാരനടപടി നീളുന്നതിനെതിരെ വഴിയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇനിയും വൈകിയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് സംഘടനയുടെ തീരുമാനം.

ആകെ പൊട്ടിപ്പൊളിഞ്ഞ് റോഡിൽ പലയിടത്തും പാതാളക്കുഴികൾ രൂപം കൊണ്ടിരിക്കുകയാണ്. ഇരാറ്റുപേട്ട, പിറവം, കോട്ടയം, തൃശൂർ റൂട്ടുകളിൽ തൊട്ടിൽപാലത്ത് നിന്ന് കെ.എസ്.ആർ.ടി.സി യുടെ അഞ്ചോളം ബസ്സുകൾ ഊഞ്ഞാലാടിയെന്നോണമാണ് ഇതുവഴി വഴി കടന്നുപോകുന്നത്. റോഡ് നവീകരണത്തിന് നാലര വർഷം മുമ്പ് 17 കോടി രൂപ അനുവദിച്ചിട്ടും ടെൻഡർ നടപടി പൂർത്തിയാക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ലെന്നാണ് ആരോപണം.

തൊട്ടിൽപാലം - കോഴിക്കോട് റൂട്ടിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പറ്റുന്ന ഏക മലയോര പാതയാണിത്. തൊട്ടിൽപാലത്ത് നിന്ന് പെരുവണ്ണാമൂഴി, ചകിട്ടപ്പാറ, കുരാച്ചുണ്ട്, കുട്ടാലിട വഴി ബാലശ്ശേരിയിലേക്കും എത്താം.

റോഡിലെ ടാറിംഗ് തകർന്ന് മെറ്റലുകൾ പാടെ പടർന്ന നിലയിലാണിപ്പോൾ. പാതയോരത്തു കൂടി പോലും കാൽനടയായി പോകാൻ പറ്റാത്ത അവസ്ഥ. കരിങ്കൽ ചീളുകളിൽ കയറി തെന്നിയും ചെളിക്കുഴികളിൽ ചാടി നിയന്ത്രണം വിട്ടും ഇരുചക്രവാഹനങ്ങൾ വീഴുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും മറ്റും പതിവായി പോകുന്നവർക്ക് യാത്ര വല്ലാത്ത ദുരിതമായി തീർന്നിട്ടുണ്ട്.