kudumbasree

 കോർപ്പറേഷനിൽ പത്താംതരം തുല്യതയ്ക്ക് 75 പേർ

 ഹയർ സെക്കൻഡറി തുല്യതയ്ക്ക് 60 പേർ

കോഴിക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ കുടുംബശ്രീ വനിതകൾക്കായി ആവിഷ്കരിച്ച പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പദ്ധതിയ്ക്ക് തുടക്കമായി. 'സമ' യുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല നിർവഹിച്ചു.

കോഴിക്കോട് കോർപ്പറേഷനിൽ പത്താംതരം തുല്യതയ്ക്ക് 75 പേരും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 60 പേരും ഒന്നാംഘട്ടത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി മുഴുവൻ കുടുംബശ്രീ വനിതകളെയും പത്താം തരം, ഹയർ സെക്കൻഡറി യോഗ്യതകളിലേക്ക് ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് പത്താം തരം തുല്യതാ പഠിതാവിന് പരീക്ഷ എഴുതുന്നതിന് മുമ്പ് 130 മാർക്ക് സി.ഇ മാർക്കായി ലഭിക്കും. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, ഗണിതം വിഷയങ്ങൾക്ക് എഴുത്ത് പരീക്ഷയിൽ 15 മാർക്കാണ് ജയിക്കാൻ വേണ്ടത്. ഹിന്ദിയിൽ ജയിക്കാൻ പത്ത് മാർക്കും ഊർജ്ജതന്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഐ.ടി വിഷയങ്ങൾക്ക് എട്ട് മാർക്ക് വീതവും വേണം. ഹയർ സെക്കൻഡറിയിൽ ആകെ ആറ് വിഷയങ്ങളാണുള്ളത്. ഓരോ വിഷയത്തിനും 20 മാർക്ക് വീതം സി.ഇ മാർക്ക് ലഭിക്കും. എഴുത്ത് പരീക്ഷയിൽ 80ൽ 24 മാർക്ക് വീതം സി.ഇ മാർക്ക് ലഭിച്ചാൽ വിജയിക്കും.

'സമ' പദ്ധതിയുടെ പാഠപുസ്തക വിതരണം കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ.പ്രകാശൻ, നോഡൽ പ്രേരക്മാരായ കെ.സുരേഷ് കുമാർ, പി.പി.സാബിറ എന്നിവർ സംസാരിച്ചു.