
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം" തിരക്കഥയെച്ചൊല്ലിയുള്ള കേസിന് ഇന്നലെ വിചാരണ കോടതിയിൽ പരിസമാപ്തി. സുപ്രീംകോടതി മുമ്പാകെ അപ്പീൽ എത്തിയതിനു പിറകെയുണ്ടായ ഒത്തുതീർപ്പ് ധാരണയനുസരിച്ചാണ് അഡിഷണൽ മുൻസിഫ് കോടതി കേസ് അവസാനിപ്പിച്ചത്.
' രണ്ടാമൂഴം ' തിരക്കഥ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി എം.ടി രണ്ട് വർഷം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. കരാറനുസരിച്ച് 'രണ്ടാമൂഴ'ത്തിന്റെ ഷൂട്ടിംഗ് നിശ്ചിതസമയത്തിനുള്ളിൽ ആരംഭിച്ചില്ലെന്നു കാണിച്ചാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ടത്. എന്നാൽ എതിർകക്ഷി സംവിധായകൻ ശ്രീകുമാർ മേനോൻ ആർബിട്രേഷൻ നടപടി വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. സംവിധായകന്റെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും അദ്ദേഹം അപ്പീലുമായി സുപ്രീം കോടതിയിലെത്തുകയായിരുന്നു. തുടർന്നാണ് ഒത്തുതീർപ്പിലെത്തിയത്. അഡ്വാൻസായി നൽകിയ 1. 25 കോടി രൂപ തിരികെ നൽകാനും തിരക്കഥ എം.ടി യ്ക്ക് തിരിച്ചുകൊടുക്കാനുമാണ് ധാരണ.