sndp
മാവൂർ റോഡ് ശ്മശാനത്തിന് മുന്നിൽ ഹിന്ദുഐക്യവേദി ആരംഭിച്ച പഞ്ചദിന സത്യാഗ്രഹത്തിന്റെ നാലാം ദിവസത്തെ സത്യഗ്രഹം എസ് എൻ ഡി പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : മാവൂർ റോഡിലെ ശ്മശാന നവീകരണത്തിന്റെ മറവിൽ പരമ്പരാഗത സംസ്കാര രീതി ഇല്ലാതാക്കാനുള്ള ശ്രമം ചെറുക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ പറഞ്ഞു.

ഭൗതികദേഹം എത് രീതിയിൽ സംസ്‌കരിക്കണമെന്നത് ഓരോ ഹിന്ദുവിന്റെയും അവകാശമാണ്. അത് ഹനിക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മാവൂർ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നിൽ ഹിന്ദു ഐക്യവേദി തുടങ്ങിയ പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ നാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് നാദാപുരത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ സത്യാഗ്രഹം. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കളക്കുന്ന് അദ്ധ്യക്ഷനായിരുന്നു. സരേഷ് പൂത്തറ, ശശി കണ്ടംപാലത്ത് എന്നിവർ സംസാരിച്ചു.
അഖില കേരള ധീവര സഭ സംസ്ഥാന സമിതി അംഗം കെ. വിവേകാനന്ദൻ, എസ്എൻഡിപി യോഗം ബേപ്പൂർ യൂണിയൻ സെക്രട്ടറി ഷാജു ചമ്മിനി, അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.വൈ. അരവിന്ദാക്ഷൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ് പി. ബിജു, ബി ഡി ജെ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, സൗത്ത് മണ്ഡലം പ്രസിഡണ്ട് സതീഷ് അയനിക്കാട്, പ്രഭാദിനേഷ്, പി.കെ. പ്രേമാനന്ദൻ, ബൈജു തിരുവമ്പാടി, ഭാർഗവൻ കരുവിശ്ശേരി, കെ. പവിത്രൻ പാലൊളിപ്പാലം, പി.ആർ. രാജ് മോഹൻ, ശശികുമാർ വീര്യമ്പ്രം, കെ. നരേന്ദ്രൻ, ഗോപി അമ്പലക്കണ്ടി, കെ. ഉണ്ണികൃഷ്ണൻ, സുബീഷ് ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ സമാപന പ്രഭാഷണം നടത്തി. സമാധാനപരമായ സമരത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നഗരത്തെ സ്തംഭിപ്പിക്കുന്ന സമരത്തിന് യുവമോർച്ച നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം ദിവസമായ ഇന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി സത്യഗ്രഹത്തിന് നേതൃത്വം നൽകും.