
പുൽപ്പള്ളി: ജനവാസ കേന്ദ്രമായ ചീയമ്പം 73 ൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നിരവധി വളർത്തുമൃഗങ്ങളെയാണ് ഇതിനകം കടുവ കൊന്നു തിന്നത്.
ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെട്ട ചീയമ്പം 73 ആദിവാസി കോളനിയിലും ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞ 3 മാസമായി പരിഭ്രാന്തി പരത്തുകയാണ് കടുവ. ഇതിനകം നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നു. കോളനിവാസികളുടെയടക്കം 12 ആടുകളെ കൊന്നു തിന്നു.
കടുവയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം ആനപ്പന്തിയിലാണ് കൂട് സ്ഥാപിച്ചത്. ഇവിടെ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കടുവ ആടിനെ കൊന്നു തിന്നുന്നതടക്കമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച കാമറയിൽ തെളിഞ്ഞിരുന്നു. സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാർ, ഡോ: അരുൺ, റേഞ്ച് ഓഫീസർ ശശികുമാർ, കെ.വി ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.