valiyangadi
വലിയങ്ങാടിയിൽ സംഘർഷത്തെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.സേതുമാധവനെ പൊലീസ് അറസ്റ്ര് ചെയ്തപ്പോൾ

കോഴിക്കോട്: കണ്ടെയ്ൻമെൻറ് സോണിലെ വിലക്ക് നിലവിലിരിക്കെ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചത് വലിയങ്ങാടിയിലും കമ്മത്ത് ലെയ്‌നിലും സംഘർഷത്തിനിടയാക്കി. തടയാനെത്തിയ പൊലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ ഉൾപ്പെടെ സംഘടനാ നേതാക്കളും കടകൾ തുറക്കാൻ മുതിർന്ന വ്യാപാരികളുമായി ഏഴു പേരെ ടൗൺ സി.ഐ ഉമേഷിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പത്ത് കടകൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ഈ കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനായി കോർപ്പറേഷന് റിപ്പോർട്ട് നൽകും.

ആഴ്ചകളായ അടഞ്ഞുകിടക്കുന്ന വലിയങ്ങാടി, കമ്മത്ത് ലെയ്ൻ ഭാഗങ്ങളിലെ കടകൾ തുറക്കാൻ ഉടമളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചപ്പോഴേക്കും പൊലീസ് സംഘമെത്തുകയാണുണ്ടായത്.

നഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. ദിവസവും രോഗബാധിതരാവുന്നവരിൽ ഭൂരിപക്ഷവും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. പാളയം പച്ചക്കറി മാർക്കറ്റിലും സെൻട്രൽ മാർക്കറ്റിലും വലിയങ്ങാടിയിലുമായി നൂറു കണക്കിനാളുകൾക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും വൈറസ് വ്യാപനമുണ്ടായത് ഇവിടങ്ങളിൽ നിന്നാണെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് വ്യാപാരികൾ കൊവിഡ് മാനദണ്ഡം ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത്.