കോഴിക്കോട് : ബീച്ച് ആശുപത്രിയിലേക്ക് രാത്രി സ്‌കൂട്ടറിൽ കൊവിഡ് ഡ്യൂട്ടിയ്ക്ക് തിരിച്ച നഴ്‌സുമാർക്ക് നേരെ നടുറോഡിൽ അതിക്രമമുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഒക്ടോബർ അഞ്ചിന് രാത്രി പന്ത്രണ്ടോടെ ടാഗോർ സെന്ററിനറി ഹാളിനടുത്തു വെച്ചായിരുന്നു ബൈക്കിൽ പിന്തുടർന്നയാളുടെ അതിക്രമം. ഇയാളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. നഗരത്തിൽ മാവൂർ റോഡിനു സമീപത്തുള്ള ലോഡ്‌ജിലാണ് നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നൈറ്റ് ഡ്യൂട്ടിയ്ക്ക് സ്‌കൂട്ടറിൽ പുറപ്പെട്ട നഴ്‌സുമാരെ അക്രമി വണ്ടി കുറുകെയിട്ട് തടഞ്ഞ് അതിക്രമത്തിന് മുതിരുകയായിരുന്നു. ഇയാളുടെ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
സി.എച്ച് ഓവർ ബ്രിഡ്‌ജിനു സമീപം വെച്ച് നഴ്‌സുമാരുടെ സ്‌കൂട്ടറിനെ അക്രമി മറികടന്നിരുന്നു. തുടർന്ന് ടാഗോർ സെന്ററിനറി ഹാളിനു സമീപം കാത്തുനിന്ന് ബൈക്ക് റോഡിൽ കുറുകെയിട്ട് നഴ്‌സുമാരെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂട്ടർ മറിഞ്ഞു വീണെങ്കിലും ഇരുവരും ധൈര്യം സംഭരിച്ച് രക്ഷപ്പെടുകയായിരുന്നു.