covid-

സുൽത്താൻ ബത്തേരി: വിഷം കഴിച്ച് മരിച്ച യുവാവിന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹംഏറ്റെടുത്ത് സംസ്‌കരിക്കാൻ ആളില്ലാതായി. ഒടുവിൽ മൃതദേഹം കൊവിഡ് പ്രേട്ടോക്കോൾ പ്രകാരം മറവ് ചെയ്യാൻ രണ്ട് ആംബുലൻസ് ഡ്രൈവർമാർ വേണ്ടിവന്നു.

തമിഴ്നാട് അയ്യൻകൊല്ലി സ്വദേശിയായ നിധീഷിന്റെ (27) മൃതദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്തു ചെന്ന നിലയിൽ നിധീഷിനെ അച്ഛനും അമ്മയും സഹോദരനും ചേർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചതായിരുന്നു. അപ്പോഴേക്കും പക്ഷേ, മരണം സംഭവിച്ചിരുന്നു.
തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് ബാധ കണ്ടെത്തി. ഇതോടെ
നിധീഷിനെ കൊണ്ടുവന്നവർ ക്വാറന്റൈനിലായി. കൊവിഡാണെന്ന് അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും
മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാവാതെ മാറി നിൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ തമിഴ്നാട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും അവരും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല.
പിന്നീട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് മെസ്റ്റ് ആംബുലൻസ് ഡ്രൈവർമാരായ നാസർ കാപ്പാടനും സജീർ ബീനാച്ചിയുമാണ് ആശുപത്രിയിലെത്തി സഹായിക്കാൻ തയ്യാറായത്.
ഇരുവരും ചേർന്ന് മോർച്ചറിയിലെ ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് അണുനശീകരണം നടത്തിയശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു. നാല് കവറുകളിലാക്കി അണുനശീകരണം നടത്തിയ ശേഷമാണ് പ്രത്യേക
ബാഗിൽ സംസ്‌കരിക്കാൻ കൊണ്ടുപോയത്.
അയ്യൻകൊല്ലിയിൽ എത്തിച്ച മൃതദേഹം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരുവരും ചേർന്ന് മറവ്
ചെയ്യുകയായിരുന്നു. നിധീഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ബന്ധുക്കളോ നാട്ടുകാരോ എത്തിയില്ല.

മരിച്ചയാളിനെ ആരുമില്ലാതെ സംസ്‌കരിക്കേണ്ടി വരുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത കാരണമാണെന്ന് ഇവർ പറഞ്ഞു.