 
സുൽത്താൻ ബത്തേരി: ബാങ്കിൽ നിന്ന് ലോണെടുത്ത് ഇറക്കിയ നെൽകൃഷി ചീഞ്ഞും കരിഞ്ഞും നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കി. മന്തൊണ്ടിക്കുന്ന്, പൂളവയൽ പ്രദേശത്തെ കർഷകരാണ് നെൽകൃഷിയിലെ രോഗബാധ കാരണം ദുരിതത്തിലായത്.
പ്രദേശത്തെ പത്ത് പേരടങ്ങുന്ന പ്രെയ്സ് അയൽക്കൂട്ടം രണ്ട് ഏക്കർ നിലത്തും വനിതാ ഗ്രൂപ്പായ ഗ്രാമോദയം 3 ഏക്കർ വയലിലുമാണ് നെൽകൃഷി ഇറക്കിയത്. എന്നാൽ കതിരിടാൻ പാകമായപ്പോഴേക്കും നെൽച്ചെടികൾ വേരുകൾ ചീഞ്ഞും ഓലകൾ കരിഞ്ഞും നശിക്കുകയാണ്.
ഉമ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത വയലുകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. നെൽക്കൃഷിയോടുള്ള താൽപര്യം കാരണം ഒന്നര ലക്ഷം രൂപ മുടക്കിയാണ് സംഘങ്ങൾ കൃഷി ചെയ്തത്. എന്നാൽ കൃഷിക്ക് രോഗബാധ വന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരിക്കുകയാണ് കർഷകർ.കൃഷിവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടന്നും, അധികൃതരുടെ ഭാഗത്തുനിന്നും സഹായം ഉണ്ടാവണമെന്നുമാണ് ആവശ്യം.