 
കോഴിക്കോട് : കൊവിഡ് വ്യാപനത്തിനിടയിലും സർവീസ് മുടങ്ങാതെ നോക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ഇടമെന്ന നിലയിൽ മൂന്നു എ സി സ്ലീപ്പർ ബസ്സുകൾ കൂടി ഒരുങ്ങുന്നു.
നടക്കാവിലെ കെ എസ് ആർ ടി സി റീജിയണൽ വർക് ഷോപ്പിൽ നിർമ്മാണം പുരോഗമിക്കുകയാണ്.
മിക്ക ഡിപ്പോകളിലും ജീവനക്കാർക്ക് വിശ്രമമുറികളില്ലെന്ന സാഹചര്യത്തിലാണ് കൂടുതൽ സ്റ്റാഫ് സ്ലീപ്പർ ബസ്സുകൾ സജ്ജീകരിക്കുന്നത്. നേരത്തെ ഒരു സ്ലീപ്പർ ഒരുക്കിയത് കരിപ്പൂർ വിമാനത്താവളത്തിലേക്കായിരുന്നു.
കാലാവധി കഴിഞ്ഞ ബസ്സുകൾ കെ എസ് ആർ ടി സി ഒഴിവാക്കുമ്പോൾ സ്‌ക്രാപ്പ് വിലയേ കിട്ടാറുള്ളൂ. പുതിയ സാഹചര്യത്തിൽ പഴയ ബസ്സുകൾ രൂപമാറ്റം വരുത്തി പല വിധ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി വിട്ടുനൽകുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം ഡിപ്പോയിലെ ഒരു ബസ് രൂപമാറ്റം വരുത്തി മിൽമയ്ക്ക് കൈമാറിയിരുന്നു.
പത്ത് ലക്ഷം കിലോമീറ്ററിലേറെ ഓടിയ, തീർത്തും കാലപ്പഴക്കം ചെന്ന ബസ്സുകളാണ് സാധാരണഗതിയിൽ കെ എസ് ആർ ടി സി സ്‌ക്രാപ്പ് കേന്ദ്രങ്ങളിലേക്ക് വിട്ടുകൊടുക്കുന്നത്. ഇങ്ങനെ പഴക്കമേറിയ, സർവിസിന് ഉപകരിക്കാത്ത ബസ്സുകളാണ് ജീവനക്കാർക്ക് വിശ്രമസൗകര്യം ഒരുക്കാൻ ഉപയോഗപ്പെടുത്തുന്നത്.
ടു ടയർ മാതൃകയിലുള്ള സ്ലീപ്പർ ബസ്സിൽ 16 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. എ.സി ഉപയോഗിക്കാത്തപ്പോൾ ഫാനിടാം. കുഷ്യൻ ബെർത്തുകൾക്കു പുറമെ മടക്കി വയ്ക്കാവുന്ന മേശ, നാലു പേർക്കുള്ള ഇരിപ്പിടങ്ങൾ എന്നീ സജ്ജീകരണങ്ങൾക്കു പുറമെ 16 ലോക്കറുകൾ, 325 ലിറ്ററിന്റെ വാട്ടർ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനുള്ള സംവിധാനം. മൊബൈൽ ചാർജിംഗ് സൗകര്യം, സെൻസർ ഘടിപ്പിച്ച സാനിടൈസിംഗ് മെഷീൻ തുടങ്ങിയവയുമുണ്ട് ഇതിൽ.