
കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെന്ന പോലെ ലാബുകളിലും കൊവിഡ് പരിശോധനയുടെ മറവിൽ പകൽകൊള്ള. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഏറെ ഉയർന്ന തുകയാണ് മിക്കയിടങ്ങളിലും ഈടാക്കുന്നത്.
ചില പരിശോധനകൾക്ക് ആയിരം രൂപ വരെ അധികം ഈടാക്കുന്നതായി പരാതിയുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ ആന്റിജൻ ടെസ്റ്റിന് സ്വകാര്യ ലാബുകളും ആശുപത്രികളും ആയിരം രൂപയും അതിലധികവും ഈടാക്കുന്നുണ്ട്. സർക്കാർ നിരക്കിനെ അപേക്ഷിച്ച് 400 രൂപ വരെ ചുമത്തുന്ന സ്ഥാപനങ്ങൾ കുറവല്ല.
ആർ.ടി.പി.സി.ആറിന് 3,250 രൂപ വരെയാണ് ഈടാക്കുന്നത്. പി.പി.ഇ കിറ്റിന്റെ തുക കൂടി ഉൾപ്പെടുത്തിയാണ് ഈ നിരക്കെന്ന വിശദീകരണമാണ് പല ലാബുകാരുടേതും. ഇത്തരത്തിൽ പണം ഈടാക്കുന്നത് തെറ്റാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതൊന്നും പിടിച്ചുപറിയ്ക്ക് തടസ്സമാവുന്നില്ല.
അതിനിടെ, വ്യാജ കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് നൽകുന്ന തട്ടിപ്പുകളും കൊവിഡിന്റെ മറവിൽ നടക്കുന്നുണ്ട്. മലപ്പുറത്ത് ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയവർ പിടിയിലായിരുന്നു.
കൊവിഡില്ലെന്ന സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകേണ്ടവരെയാണ് ഇത് ബാധിക്കുന്നത്. ചില സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗി മാത്രമല്ല, കൂടെ വരുന്നവരും കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. വലിയ കൊള്ളയാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഡി.വൈ.എഫ്.ഐ, യുവമോർച്ച തുടങ്ങിയ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
ടെസ്റ്റുകൾക്ക് ഈടാക്കാവുന്ന തുക
ആന്റിജൻ - 625
ആർ.ടി.പി.സി.ആർ - 2750
സിബി നാറ്റ് - 3000
ട്രൂനാറ്റ് ആദ്യഘട്ടം - 1500
ട്രൂനാറ്റ് രണ്ടാംഘട്ടം -1500