കുറ്റ്യാടി : മരതോങ്കര പഞ്ചായത്തിലെ വേട്ടോറേമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചംഗ ബംഗാളി കുടുംബത്തിന്റെ ഇനിയുള്ള ജീവിതം സ്വന്തം വീട്ടിൽ തന്നെ.
പന്ത്രണ്ട് വർഷമായി കുറ്റ്യാടി അങ്ങാടിയിലെ തയ്യൽ തൊഴിലാളി രാജേഷിന് കൊവിഡ് ലോക്ക് ഡൗണോടെ ജോലി ഇല്ലാതായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പ്രയാസപ്പെടേണ്ട അവസ്ഥയിലായി പിന്നീട്. താമസിക്കുന്ന വീട്ടിന്റെ വാടകയും കറന്റ് ബില്ലും നൽകാനായില്ല.
മക്കൾ മൂന്നു പേരും അടുക്കത്ത് യു.പി.സ്‌കൂളിലാണ്. കൊവിഡ് പടർന്നതോടെ ഇവരുടെ പഠനകാര്യം പോലും അവതാളത്തിലായി. ഈ കുടുംബത്തിന്റെ ദൈന്യത കണ്ടറിഞ്ഞ് നരയൻങ്കോട് മസ്ജിദ് ഭാരവാഹികളും കുറ്റ്യാടിയിലെ ചിന്നൂസ് കൂട്ടായ്മ പ്രവർത്തകരും അടുക്കത്ത് യു.പി സ്‌കുളിലെ അദ്ധ്യാപകരും മറ്റും ചേർന്ന് താമസിക്കാൻ ഒരു വീട് ഒരുക്കുകയായിരുന്നു.
കുറ്റ്യാടി ഗവ. ആശുപത്രി ആർ.എം.ഒ ഡോ. പി.കെ.ഷാജഹാൻ വീടിന്റെ താക്കോൽ കൈമാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, ഡോ. സജിത്ത്, കോവിഡ് നോഡൽ ഓഫീസർ ഡോ.ആർ നിർമ്മൽ രാജ്, ഡോ. ലുബൈദ്, ശ്രീജേഷ് ഊരത്ത്, ചിന്നൂസ് കൂട്ടായ്മ ചെയർമാൻ നസീർ ചിന്നൂസ്, അശ്റഫ് ടി.സി, സലാം എൻ പി. ഗഫൂർ കുറ്റ്യാടി , സലാം ടാലന്റ്, പി.കെ.ഷമീർ, സന്ധ്യകരണ്ടോട് എന്നിവർ ആശംസയർപ്പിച്ചു.