മുക്കം: അടച്ചിടലിൽ അകപ്പെട്ട സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്ക് മാനസികോല്ലാസം പകർന്നേകാൻ ലക്ഷ്യമിട്ട് സ്പെഷ്യൽ സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ സമൂഹമാദ്ധ്യമം വഴി 'ആഹ്ളാദത്തിന്റെ മാരിവില്ല് " സംസ്ഥാന കലോത്സവം ഒരുക്കുന്നു.
സ്കൂൾതല കലോത്സവം 23ന് മുമ്പ് നടത്തും. 25 ന് 14 ജില്ലകളിലും ജില്ലാ മത്സരങ്ങൽ. സ്കൂൾ വിജയികളുടെ എൻട്രിയും വീഡിയോകളും 25 ന് മുമ്പ് ബന്ധപ്പെട്ടവർക്ക് ലഭിക്കണം. നവംബർ ഒന്നിന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലാ മത്സരങ്ങളുടെ വിജയികളിൽ നിന്ന് ഒന്നാം സ്ഥാനക്കാരുടെ വീഡിയോകൾ പരിശോധിച്ചായിരിക്കും വിജയികളെ കണ്ടെത്തുക. കഥ പറയൽ, ലളിതഗാനം,നാടൻപാട്ട്, നാടോടിനൃത്തം, പ്രച്ഛന്ന വേഷം, പദ്യം ചൊല്ലൽ എന്നിവയാണ് മത്സര ഇനങ്ങൾ. 12 വയസ്സുവരെ, 12 മുതൽ 18 വരെ, 18 ന് മുകളിൽ എന്ന ക്രമത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങളുണ്ടാവും. ഒരു കുട്ടിക്ക് ഒരു ഇനത്തിൽ മാത്രമേ എൻട്രി അനുവദിക്കുകയുള്ളു.
സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകും. സ്കൂൾതല മത്സരങ്ങളുടെ ചുമതല സ്പെഷ്യൽ സ്കൂൾ എംപ്ലോയിസ് യൂണിയൻ യൂണിറ്റ് കമ്മിറ്റിയ്ക്കും ജില്ലകളിലെ മത്സരങ്ങളുടെ ചുമതല ജില്ലാ കമ്മിറ്റികൾക്കുമായിരിക്കും. വിദഗ്ദ്ധ ജൂറി ആയിരിക്കും വിധികർത്താക്കളെന്നും വിധിയ്ക്ക് അപ്പീൽ ഉണ്ടായിരിക്കില്ലെന്നും സംഘാടകർ അറിയിച്ചു.