രാജ്യത്ത് അംഗീകാരം നേടിയ എട്ട് ബീച്ചുകളിലൊന്ന്
കോഴിക്കോട് : കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റായി. പരിസ്ഥിതിസൗഹൃദമെന്ന പോലെ ഭിന്നശേഷിസൗഹൃദമായ അന്തരീക്ഷത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന ബീച്ചുകൾക്കാണ് ബ്ലൂ ഫ്ലാഗ് ലഭിക്കുന്നത്.
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനാണ് കാപ്പാടിന് ലഭിച്ചത്. ഇന്ത്യയിൽ നിന്നു പരിഗണിച്ച എട്ട് ബീച്ചുകൾക്കും ബ്ലൂ ഫ്ലാഗ് ലഭിച്ചു.
ഏറെ ചരിത്രപ്രാധാന്യം അർഹിക്കുന്ന ബീച്ചാണ് കാപ്പാട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്‌മെന്റ് ആണ് ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കായി കേന്ദ്ര സർക്കാർ എട്ട് കോടി രൂപയാണ് വകയിരുത്തിയിരുന്നു.
ബീച്ച് പൂർണമായും പരിസ്ഥിതി സൗഹൃദപമാണെന്ന് പ്രഖ്യാപിച്ച് ബീച്ചിൽ 'അയാം സേവിംഗ് മൈ ബീച്ച് ' പതാക ഉയർത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കൊയിലാണ്ടി എം. എൽ. എ ചെയർമാനും ജില്ലാ കളക്ടർ നോഡൽ ഓഫീസറായുമുള്ള ബീച്ച് മാനേജ്മന്റ് കമ്മിറ്റിയാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. നിർമ്മാണം ഏറ്റെടുത്തത് ഡൽഹി ആസ്ഥാനമായുള്ള എ 2 ഇസഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.
പരിസ്ഥിതിസൗഹൃദപരമായ നിർമ്മിതികൾ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി മുപ്പതിലധികം മാനദണ്ഡങ്ങളുണ്ട് ബ്ലൂ ഫ്ലാഗിന്.
ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ കുറിച്ചു.