കോഴിക്കോട്: സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകളും ഇന്ന് മുതൽ ഡിജിറ്റലാവും. പദ്ധതിയുടെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലും ഇന്ന് പരിപാടികൾ സംഘടിപ്പിക്കും.

കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 4509 ക്ലാസ് മുറികൾ ആണ് ഹൈടെക് ആക്കി മാറ്റിയത്. ഇതിനു പുറമെ 420 യു.പി സ്‌കൂളുകളും 712 എൽ. പി സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്.

6069 ലാപ്ടോപ്പ്, 2592 പ്രോജെക്ടറുകൾ, എല്ലാ വിദ്യാലയങ്ങളിലും ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ, ഓരോ ഡി.എസ്.എൽ.ആർ കാമറയും എൽ.ഇ.ഡി ടിവിയും, ആവശ്യത്തിനുള്ള വെബ് കാമറ, പ്രിന്ററുകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

കിഫ്ബി ഫണ്ടിനു പുറമേ എം.പി, എം.എൽ.എ ഫണ്ടുകളും ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. ഹൈടെക്ക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനായി അധ്യാപകർക്കും വിദ്യാർഥികൾക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനങ്ങൽ നൽകി. ആവശ്യമുള്ള ഇ- കണ്ടന്റുകൾ ഉള്ള സമഗ്ര പോർട്ടലും കൈറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. മുഴുവൻ ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളെയും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ ഭൗതിക സൗകര്യങ്ങൾക്കായി ചലഞ്ച് ഫണ്ട് ആണ് ഉപയോഗിച്ചത്.

ക്ലാസ്മുറികളിലേക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്.

ഒരോ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുത്ത സ്‌കൂളിൽ മണ്ഡലതല പരിപാടികൾ നടക്കും. ബേപ്പൂർ നിയോജക മണ്ഡലത്തിൽ ജി.വി.എച്ച്.എസ്.എസ് ഫറോക്ക്, കോഴിക്കോട് നോർത്ത് -ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് സൗത്ത്- ജി.എച്ച്.എസ്.എസ് കാരപ്പറമ്പ്, എലത്തൂർ- സേതുറാം എ.എൽ.പി സ്‌കൂൾ, കുന്നമംഗലം- കുന്നമംഗലം എച്ച്.എസ്.എസ്, തിരുവമ്പാടി- ജി.എച്ച്. എസ്.എസ് നീലേശ്വരം, കൊടുവള്ളി-ജി. എൽ.പി സ്‌കൂൾ തലപ്പെരുമണ്ണ, പേരാമ്പ്ര- കുളത്തുവയൽ എച്ച്.എസ്.എസ്, കൊയിലാണ്ടി-ജി. വി.എച്ച്. എസ്. എസ് കൊയിലാണ്ടി , കുറ്റ്യാടി-ജി. എൽ.പി. എസ് ചേരാപുരം, വടകര- ഗവൺമെന്റ് സാൺസ്‌ക്രിറ്റ് എച്ച്.എസ്. എസ് വടകര, ബാലുശ്ശേരി- ജി. എച്ച്.എസ്. എസ് കൊക്കല്ലുർ, നാദാപുരം- ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അതാത് നിയോജക മണ്ഡലത്തിലെ എം.എൽ.എ മാർ പങ്കെടുക്കും. സ്‌കൂളുകളിലും നടക്കുന്ന ചടങ്ങുകൾ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈന്‍ വഴി ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടർ സാംബശിവ റാവു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി മിനി, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ. അബ്ദുള്ള ഹക്കീം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ബി.മധു തുടങ്ങിയവർ വിവിധ വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

 കോഴിക്കോട് നോർത്തിലെ മുഴുവൻ സ്കൂളുകളും ഹൈടെക് പട്ടികയിൽ

കോഴിക്കോട് നോർത്ത് നിയമസഭാ നിയോജക മണ്ഡലത്തിലെ ചടങ്ങ്

കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാന പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങ്.

മണ്ഡലത്തിൽ ആകെ 56 സ്‌കൂളുകളാണുള്ളത്. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 6, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ 5, ഗവ.എൽ.പി സ്‌കൂൾ 10, എയ്ഡഡ് എൽ.പി സ്‌കൂൾ 13, ഗവ യു.പി സ്‌കൂൾ 9 , എയ്ഡഡ് യു.പി സ്‌കൂൾ 7, ഗവ ടി.ടി.ഐ 2, എയ്ഡഡ് ടി.ടി.ഐ 1, സ്പെഷ്യൽ സ്‌കൂൾ 1 , ടെക്നിക്കൽ സെക്കൻഡറി സ്‌കൂള്‍ 2.

എല്ലാ വിഭാഗങ്ങളിലുമായി 717 ലാപ് ടോപ്പ് , 391 മൾട്ടി മീഡിയ പ്രൊജക്ടർ, 262 മൗണ്ടിംഗ് കിറ്റ്, 237 സ്‌ക്രീൻ, 27 ടെലിവിഷൻ, 28 മൾട്ടിഫങ്ഷൻ പ്രിന്റർ, 27 ഡി എസ് എൽ ആർ കാമറ , 28 എച്ച് ഡി വെബ് കാമറ, 533 യു എസ് ബി സ്പീക്കർ എന്നിവയാണ് വിതരണം ചെയ്യുന്നത്.