 
കോഴിക്കോട് : മലയാളഭാഷയുടെ ഇന്നലെകളിലേക്ക് ആണ്ടിറങ്ങാൻ ഇനി ലിപികളുടെ ചരിത്രം കൂടി ചികയാം.
പ്രമുഖ ചരിത്രകാരൻ ഡോ.എം.ആർ.രാഘവ വാര്യരുടെ മേൽനോട്ടത്തിൽ മലയാള സർവകലാശാലയിൽ ലിപി പഠനത്തിനായി പുതിയ കോഴ്സ് തുടങ്ങുകയാണ്.
വട്ടെഴുത്ത്, ബ്രാഹ്മി, കോലെഴുത്ത് തുടങ്ങിയ മലയാളത്തിലെ പ്രാചീന ലിപികളെക്കുറിച്ച് പുത്തൻ തലമുറയ്ക്ക് അറിവ് പകരുകയാണ് ലക്ഷ്യം. കേരളത്തിൽ ഇപ്പോൾ ലിപികളെ കുറിച്ച് ഗഹനമായ അറിവുള്ളത് ചുരുക്കം പേർക്കു മാത്രം. സംസ്ഥാനത്തെ ഒരു സർവകലാശാലയിൽ പോലും ലിി പാഠ്യപദ്ധതിയ്ക്കായി പ്രത്യേക വകുപ്പില്ല. കോഴ്സ് യാഥാർത്ഥ്യമാകുന്നതോടെ ഭാഷയുടെ ചരിത്രം ആഴത്തിൽ പഠിക്കാൻ താത്പര്യമുള്ളവർക്ക് അവസരം തുറന്നുകിട്ടും.
അടുത്ത അദ്ധ്യയനവർഷം കോഴ്സ് ആരംഭിക്കാനാണ് പദ്ധതി. നിലവിലെ സാഹചര്യത്തിൽ പി. ജി റിസർച്ച് വകുപ്പായാണ് ഈ പഠനശാഖ തുടങ്ങുക. അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ പാഠ്യപദ്ധതിയ്ക്ക് അംഗീകാരമായേക്കും.
ഭാഷാചരിത്രം, ഭാഷ, ലിപി എന്നിങ്ങനെ മൂന്നു വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സിലബസ് ഒരുക്കുക. ഈ കോഴ്സ് തുടങ്ങുന്നതിന് അദ്ധ്യാപകരെ കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളിയായി കാണുന്നത്. മികച്ച അദ്ധ്യാപകരെ കണ്ടെത്തിക്കഴിഞ്ഞാൽ, ആദ്യഘട്ടത്തിൽ അവർക്ക് പരിശീലനം നൽകും.
''ഇന്ത്യയിലെ പ്രാചീന ലിപികളെക്കുറിച്ച് അറിയണമെങ്കിൽ ഭാഷ അറിയണം. ഭാഷ അറിഞ്ഞാൽ മാത്രമേ ലിപി പഠിക്കാനാകൂ. പാഠ്യപദ്ധതി യാഥാർത്ഥ്യമായാൽ ഈ ശാഖയിൽ താത്പര്യമുള്ള ഭാഷാ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം അനുഗ്രഹമാവുമെന്നു തീർച്ച.
ഡോ.എം.ആർ.രാഘവ വാര്യർ