വടകര: കൊവിഡ് വ്യാപനം സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം ചോമ്പാലിലേതുൾപ്പെടെ ജില്ലയിലെ ഹാർബറുകൾ ഇന്നലെ തുറന്നു. ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനം.
പൊതുജനങ്ങൾക്ക് ഹാർബറിലോ ഫിഷ് ലാൻഡിംഗ് സെന്ററിലോ പ്രവേശനമില്ല. പൊതുലേലത്തിനു പകരം അതാതിടത്തെ മാനേജ്മെന്റ് കമ്മിറ്റിയാണ് മത്സ്യവില നിശ്ചയിക്കുന്നത്.
ചോമ്പാൽ ഹാർബറിൽ ഇന്നലെ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾക്കും ഉന്നതോദ്യോഗസ്ഥർക്കും പുറമെ ജനപ്രതിനിധികളും സ്ഥിതിഗതികൾ വിലയിരുത്തി. കൊവിഡ് ടെസ്റ്റിൽ നെഗറ്റിവായവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കുന്നുള്ളൂ. ദിവസവും 50 ശതമാനം തൊഴിലാളികൾ മാത്രമേ ഇറങ്ങുന്നുള്ളൂ. ഐ ഡി കാർഡിലെ ഒറ്റ, ഇരട്ട അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണം.
തോണിയിൽ മത്സ്യം കൊണ്ടുവരുന്നിടത്ത് പാസുള്ളവർക്കേ പ്രവേശിക്കാനാവൂ. പാസ്സില്ലാത്തവരെ കണ്ടാൽ നിയമ നടപടി സ്വീകരിക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ ഹാർബറിൽ മൊബൈൽ എനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
എല്ലാ ദിവസവും ഹാർബർ അണുവിമുക്തമാക്കിയിരിക്കണം. അകത്ത് പ്രവേശിക്കുന്നവർ നിർബന്ധമായും ടുലെയർ മാസ്‌ക് ധരിക്കേണ്ടതുണ്ട്. ക്യത്യമായി മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നവർക്കെതിരെ കേസെടുക്കും. ചോമ്പാൽ പൊലീസിന്റെ നേത്വത്തിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട് ഇവിടെ.
ഹാർബറിൽ സാമൂഹിക അകലം പാലിക്കാതെ ആരും ജോലി ചെയ്യാൻ പാടില്ല. ലേല സ്ഥലം ഹാർബർ മാനേജ്മെൻറ് ഭാരാവാഹികൾ നിരീക്ഷിക്കും.
പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, സെക്ടറൽ ഓഫീസർ കെ കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, മെബർ കെ ലീല, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ, എസ്.ഐ എം അബ്ദുൽ സലാം, ഇ.ആർ.ടി അംഗം രഞ്ചിത്ത് ചോമ്പാല തുടങ്ങിയവർ ഹാർബറിലെത്തിയിരുന്നു.