കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖല സമ്പൂർണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെ കോഴിക്കോട്ടും മാറ്റത്തിന്റെ വിപ്ളവം.

ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 4,509 ക്ലാസ് മുറികളാണ് ഹൈ ടെക്കായത്. ഇതിനു പുറമെ 420 യു.പി സ്‌കൂളുകളും 712 എൽ. പി സ്‌കൂളുകളും ഹൈ ടെക് തലത്തിലേക്കെത്തി.

എല്ലാ വിദ്യാലയങ്ങളിലും ഹൈസ്‌പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കിയതിനൊപ്പം ഓരോ ഡി.എസ്.എൽ.ആർ കാമറ, എൽ.ഇ.ഡി ടി വി, വെബ് കാമറ, പ്രിന്റർ എന്നിവയും

എത്തിച്ചിട്ടുണ്ട്. ആകെ 6,069 ലാപ്ടോപ്പും 2,592 പ്രൊജക്ടറുകളും ലഭ്യമാക്കി. കിഫ്ബി ഫണ്ടിനു പുറമേ എം.പി, എം.എൽ.എ ഫണ്ടും ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചലഞ്ച് ഫണ്ടാണ് ഉപയോഗിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ ജനകീയ പങ്കാളിത്തം രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനച്ചചടങ്ങിൽ പറഞ്ഞു. 135.5 കോടി രൂപയാണ് നാടിന്റെ വകയായി ഈ പദ്ധതിയിൽ ചെലവഴിച്ചത്.

നേരത്തെ സർക്കാർ സ്‌കൂളുകൾ ശോഷിക്കുന്ന സ്ഥിതിയായിരുന്നു. വലിയ ആശങ്ക നിലനിൽക്കുന്ന അവസരത്തിലാണ് സർക്കാർ ഇടപെട്ടത്. അഞ്ചു ലക്ഷം കുട്ടികൾ പുതിയതായി പൊതുവിദ്യാലയങ്ങളിലെത്തിയിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.