high-court

കൽപ്പറ്റ: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിൽ സംരംഭം തുടങ്ങിയ ആൾക്ക് കഴിഞ്ഞ നാല് വർഷമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും അനുകൂല നടപടിയില്ല. പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയാകാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അമ്പലവയൽ സ്വദേശിയായ പട്ടരുപടി ഓട്ടുമഠത്തിൽ ഒ.എ.രാധാകൃഷ്ണൻ. അമ്പലവയൽ ബസ്റ്റാന്റിനടുത്ത് ഇദ്ദേഹം നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന് നമ്പർ ആവശ്യപ്പെട്ടാണ് വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുന്നത്. പല ഉദ്യോഗസ്ഥരും പലതവണ ഇതിനായി തന്റെ കൈയിൽ നിന്ന് പണം വാങ്ങിയതായി രാധാകൃഷ്ണൻ പറയുന്നു.

കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞദിവസം ബത്തേരി ഫയർ സ്റ്റേഷൻ ഓഫീസർ കുര്യൻ പിടിയിലായതോടെയാണ് ആവലാതിയുമായി രാധാകൃഷ്ണൻ രംഗത്തുവന്നത്. 1995 ലാണ് രാധാകൃഷ്ണൻ അമ്പലവയലിൽ കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലകളിൽ കടമുറികളും മുകളിലത്തെ രണ്ടു നിലകളിൽ ലോഡ്ജുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 2010ൽ അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി. നിർമ്മാണം നടക്കാത്തതിനാൽ 2013ൽ വീണ്ടും പുതുക്കി അപേക്ഷ നൽകി. നിർമ്മാണം പൂർത്തിയാക്കി 2016ൽ പൂർത്തീകരണ പത്രത്തിന് അപേക്ഷ നൽകിയെങ്കിലും പലവിധ കാരണം പറഞ്ഞ് മടക്കുകയായിരുന്നു. 40 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പൂർത്തീകരണ സർട്ടിഫിക്കറ്റും കെട്ടിട നമ്പറും ലഭിക്കാത്തതിനാൽ മുകൾ നിലയിൽ ഉദ്ദേശിച്ചിരുന്ന ലോഡ്ജ് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ നടന്ന അദാലത്തിൽ പരാതി നൽകുകയും 20,000 രൂപ കെട്ടിട നമ്പർ ലഭിക്കാനായി സർക്കാരിൽ ചലാൻ അടയ്ക്കുകയും ചെയ്തു. അദാലത്തിൽ തീരുമാനമാക്കിയ പ്രകാരം 1,65,000 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ റവന്യൂ വകുപ്പിൽ അടയ്ക്കുകയും ചെയ്തു. എന്നിട്ടും കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ പറഞ്ഞ ന്യൂനതകൾ പരിഹരിക്കുന്നതിന് വേണ്ടി ഇതിനകം ലക്ഷങ്ങൾ ചിലവഴിച്ചു. നിപ്പ, പ്രളയം ഒടുവിൽ കൊവിഡും കാരണം പറഞ്ഞ് ഒഴിവാക്കുകയാണ്. കഴിഞ്ഞ ആറ് മാസമായി കെട്ടിടത്തിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഉദ്യോഗസ്ഥർ എത്തി പിഴ ചുമത്തുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു.