
കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരവെ ഈ അദ്ധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കാൻ ഇനിയും വൈകുമെന്ന സാഹചര്യത്തിൽ, സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ വല്ലാത്ത അങ്കലാപ്പിൽ. ഉപജീവനത്തിന് ബദൽ മാർഗം കണ്ടെത്താൻ നെട്ടോട്ടത്തിലാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും.
ഏഴു മാസത്തോളമായി സ്ഥാപനങ്ങളിൽ നിന്നു ഒരു രൂപ പോലും കിട്ടുന്നില്ല ഇക്കൂട്ടർക്ക്. കുടുംബം പുലർത്താൻ മറ്റേതെങ്കിലും വാഹനങ്ങളിൽ തത്കാലത്തേക്ക് ഡ്രൈവർ പണി നോക്കാമെന്നു വെച്ചാൽ അതിനൊട്ടു സാദ്ധ്യതയും കാണുന്നില്ല. ടാക്സികളിലെ ഡ്രൈവർമാർ പോലും സവാരി കിട്ടാതെ നരകിക്കുകയാണ്. പിന്നെ കിട്ടുന്ന കൂലിപ്പണിയ്ക്ക് ഇറങ്ങുകയാണ് മിക്കവരും. അതാകട്ടെ ദിവസവും ഉണ്ടാവാറില്ല.
ഇനി സ്കൂൾ തുറന്നാലും വാഹനങ്ങൾ നിരത്തിലിറക്കാൻ കടമ്പകൾ പലതും കടക്കേണ്ടതുണ്ട്. മാസങ്ങളായി ചലനമറ്റു കിടക്കുന്ന വണ്ടികളുടെ അറ്റകുറ്റപ്പണികൾക്കു പതിനായിരങ്ങൾ മുടക്കേണ്ടി വരും. ബാറ്ററി, ടയറുകൾ തുടങ്ങിയവ മാറ്റേണ്ടി വരും. വാഹന ഇൻഷുറൻസ് ശരിയാക്കണം. സ്കൂൾ ബസ്സിന് ശരാശരി 38,000 രൂപയും മിനി വാനുകൾക്കും 18,000 രൂപയും വാർഷിക ഇൻഷുറൻസ് തുകയായി അടയ്ക്കേണ്ടതുണ്ട്.
രണ്ടു വർഷം കൂടുമ്പോൾ സ്കൂൾ വാഹനങ്ങൾ ടെസ്റ്റ് പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കണം. ഇത്തരം വണ്ടികൾക്ക് വലിയ ചെലവ് വരും. പി. ടി. എ, പൂർവവിദ്യാർത്ഥി സംഘടനകൾ, തുടങ്ങിയവയുടെ സാമ്പത്തിക സഹകരണത്തോടെ ബസ്സുകൾ സർവിസ് നടത്തുന്ന സ്കൂളുകളും പ്രതിസന്ധിയിലാണ്. സ്കൂൾ തുറക്കാതെ രക്ഷിതാക്കളിൽ നിന്നു കളക്‌ഷൻ തീർക്കാനാവില്ല.
സാമ്പത്തിക ചെലവ് കൂടുതലായതിനാൽ വാഹന സർവീസ് നേരത്തെ പല സ്കൂളുകൾക്കും നിറുത്തിവെക്കേണ്ടി വന്നിരുന്നു.
സ്കൂളുകളിലെ പാചകശാലയിൽ ജോലി ചെയ്യുന്നവരുടെയും ശുചീകരണ തൊഴിലാളികളുടെയും അവസ്ഥയും പരിതാപകരമാണ്.
'കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ വാഹനമോടിച്ചാണ് ജീവിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ കൂലിപ്പണിയ്ക്ക് പോവുകയാണിപ്പോൾ.
പി.ഗോപാലൻ,
സ്കൂൾ ബസ് ഡ്രൈവർ