കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പിന്നെയും അടച്ചിടേണ്ടി വന്ന പാളയം പച്ചക്കറി മാർക്കറ്റ് തുറന്നുവെന്നല്ലാതെ ഇനിയും ജീവൻ വെച്ചില്ല. വ്യാപാരം താഴേക്കു കൂപ്പുകുത്തിയത് വ്യാപാരികളെയെന്ന പോലെ തൊഴിലാളികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച മാർക്കറ്റ് തുറന്നെങ്കിലും കച്ചവടം തുടങ്ങിയത് ബുധനാഴ്ചയാണ്. തുടക്കത്തിൽ ഏതാണ്ട് പകുതി കടകൾ മാത്രമെ തുറന്നിരുന്നുള്ളൂ. ഇന്നലെ മുഴുവൻ കടകളും തുറന്നപ്പോൾ വ്യാപാരത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടായില്ല. ചെറുകിട കച്ചവടക്കാരുടെ വരവ് തീരെ കുറഞ്ഞിരിക്കുകയാണ്.
പാളയം മാർക്കറ്റ് അടച്ചതിനു പിറകെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ചെറിയ തോതിൽ പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടിരുന്നു. ചെറുകിട പച്ചക്കറി വ്യാപാരികൾ പലരും അവിടങ്ങളിൽ തന്നെ തുടരുകയാണ്. കോർപ്പറേഷൻ പരിധിയിൽ, പ്രത്യേകിച്ച് മാർക്കറ്റുകളിൽ കൊവിഡ് ഭീതി ഇനിയും നീങ്ങിയിട്ടില്ലെന്നിരിക്കെ പാളയം ഭാഗത്തേക്ക് വരാൻ തന്നെ മടിക്കുകയാണ് ചില്ലറ കച്ചവടക്കാർ.
പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരവെ, രാവിലെ 11 വരെ മാത്രമെ മാർക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുളളു. അതിനു ശേഷം ഉന്തുവണ്ടി കച്ചവടക്കാരുടെ മാത്രം സമയമാണ്. രാവിലെ 11നുള്ളിൽ എത്താൻ സാധിക്കാത്ത ചെറുകിട വ്യാപാരികൾ മറ്റു മൊത്ത വ്യാപാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. ഇതും കച്ചവടം ഇടിയാൻ കാരണമായി.
കൊവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടിയതോടെ പാളയത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. മാർക്കറ്റിലേക്കുള്ള എട്ട് കവാടങ്ങളിൽ നാലെണ്ണം അടച്ച നിലയിൽ തന്നെയാണ്. മറ്റു നാലു കവാടങ്ങളിലൂടെയാണ് പ്രവേശനം. ഈ നാലിടത്തും കോർപ്പറേഷൻ ആരോഗ്യ പ്രവർത്തകർ താപനില പരിശോധിച്ച ശേഷമാണ് ആളുകളെ അകത്തേക്ക് കടത്തി വിടുന്നത്. സ്പെഷ്യൽ സ്ക്വാഡിന്റെ നിരീക്ഷണവുമുണ്ട്.
നഷ്ടപ്പെട്ട കച്ചവടം തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. വ്യാപാരികൾ. മറ്റു മൊത്ത വ്യാപാര കേന്ദ്രങ്ങളെ അപേക്ഷിച്ച് വില ഗണ്യമായി കുറയ്ക്കാനാണ് ആലോചന. നിരക്കിൽ വലിയ അന്തരമുണ്ടെന്ന് കാണുമ്പോൾ ചെറുകിട കച്ചവടക്കാർ വീണ്ടും പാളയത്തിലെത്തുമെന്നാണ് പ്രതീക്ഷ.