bye-pass

 കേരളത്തിലെ ആദ്യ ആറുവരി ബൈപാസ്; ചെലവ് 1853. 42 കോടി

 രാമനാട്ടുകര മുതൽ വെങ്ങളം വരെ 28. 4 കിലോ മീറ്റർ ദൈർഘ്യം

 ഏഴു മേൽപാലങ്ങൾ വരും; മലാപ്പറമ്പിൽ 600 മീറ്റർ ഭൂഗർഭപാത

കോഴിക്കോട് : കോഴിക്കോട് ബൈപാസ് ആറു വരിയായി മാറാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ല. വികസന പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ ജനറൽ വി.കെ.സിംഗ്, വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ എന്നിവർ സംബന്ധിച്ചു.

രാമനാട്ടുകര മുതൽ വെങ്ങളം വരെ 28. 4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. വെങ്ങളം, തൊണ്ടയാട്, പൂളാടിക്കുന്ന്, സൈബർ പാർക്ക്, ഹൈലൈറ്റ് മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജംഗ്ഷൻ എന്നിവിടങ്ങളിലായി ഏഴു മേൽപാലങ്ങൾ പണിയും. ഇതിൽ തൊണ്ടയാട്, രാമനാട്ടുകര ജംഗ്ഷനുകളിൽ പാലങ്ങളുടെ വീതികൂട്ടും. മലാപ്പറമ്പ് ജംഗ്ഷനിൽ ഏതാണ്ട് 600 മീറ്റർ ഭൂഗർഭ പാതയായിരിക്കും. മൊകവൂർ, കൂടത്തുംപാറ, അമ്പലപ്പടി, വയൽക്കര എന്നിവിടങ്ങളിൽ അടിപ്പാതകളും നിർമ്മിക്കുന്നുണ്ട്.

പന്തീരാങ്കാവിലായിരിക്കും ടോൾ ബൂത്ത്. 1853. 42 കോടിരൂപയാണ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ചെലവിന്റെ 40 ശതമാനം ആദ്യഘട്ടത്തിൽ ദേശീയപാത അതോറിറ്റി കരാറുകാർക്ക് നൽകും. ബാക്കി നിർമ്മാണം പൂർത്തീകരിക്കുന്നതിനനുസരിച്ചാണ് കൈമാറുക. 2018 ഏപ്രിലിൽ കരാറുപ്പിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.

സാമ്പത്തിക പാക്കേജിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം കിട്ടിയാലുടൻ ടെൻഡർ വിളിച്ച് പ്രവൃത്തി കൈമാറുമെന്ന് കരാർ ഏറ്റെടുത്ത ഇൻകൽ കമ്പനിയുടെ പ്രതിനിധി അറിയിച്ചു.
മൂരാട് പാലം മുതൽ പാലോളിപ്പാലം വരെയുള്ള ആറു വരി ദേശീയപാതാ നിർമ്മാണത്തിന്റെയും പാലം നിർമ്മാണങ്ങളുടെയും പ്രവൃത്തി ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഭൂമി ഏറ്റെടുക്കലിനും നിർമ്മാണത്തിനുമായി 210. 21 കോടി രൂപയാണ് അടങ്കൽ. ഇതിൽ 68.5 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റു പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തി യിരിക്കുകയാണ്.

'കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. ഒരു തലമുറയുടെ തന്നെ സ്വപ്നം. 2018 ഏപ്രിലിൽ കരാറെടുത്ത കമ്പനിയുടെ കാലതാമസം കാരണം പ്രവൃത്തി തീരേണ്ട സമയമായിട്ടും തുടങ്ങിയതു പോലുമില്ല. തറക്കല്ലിട്ട ശേഷം കുതിരാൻ മോഡൽ ആവർത്തിക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരും.

എം.കെ. രാഘവൻ എം.പി