തളിപ്പുഴ: തളിപ്പുഴയിൽ തദ്ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെയും കാരാപ്പുഴയിൽ മത്സ്യ വിത്ത് റിയറിംഗ് ഫാമിന്റെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു.
1.56 കോടി രൂപ ചെലവഴിച്ചാണ് തളിപ്പുഴ മത്സ്യ വിത്തുത്പാദന കേന്ദ്രം ആരംഭിച്ചത്. 44 ടാങ്കുകളാണ് ഹാച്ചറിയിൽ തയ്യാറാക്കിയിട്ടുള്ളത്. 1.7 കോടി രൂപയാണ് കാരാപ്പുഴ റിയറിംഗ് ഫാമിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചത്. എട്ട് റിയറിംഗ് ടാങ്കുകൾ, ജനറേറ്റർ കം സ്റ്റോർ റൂം, ബോർവെൽ, ഓവർഹെഡ് ടാങ്ക്, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. തളിപ്പുഴയിൽ ഉത്പാദിപ്പിക്കുന്ന മത്സ്യ വിത്തുകൾ കാരാപ്പുഴയിൽ എത്തിച്ച് വളർത്തി വലുതാക്കി പൊതു ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതിനും, മത്സ്യ കൃഷിക്കുമാണ് ഉദ്ദേശിക്കുന്നത്. 12 ലക്ഷം തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെയാണ് തളിപ്പുഴയിൽ ഉത്പാദിപ്പിക്കുന്നത്. വന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന റിസർവോയറുകളിൽ ഇന്ത്യൻ മേജർ കാർപ്പ് മത്സ്യങ്ങളെ നിക്ഷേപിക്കാൻ വനം വകുപ്പ് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശീയ മത്സ്യങ്ങൾ ഉത്പാദിപ്പിച്ച് നിക്ഷേപിക്കുന്നത്. സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചറിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിച്ച തദ്ദേശീയ മത്സ്യങ്ങളായ പാൽകടന്ന, പച്ചിലവെട്ടി എന്നീ മത്സ്യ കുഞ്ഞുങ്ങളെ തളിപ്പുഴയിൽ നിക്ഷേപിച്ചു.
തളിപ്പുഴയിൽ നടന്ന ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭുവനേശ്വർ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സരോജ് സ്വയിൻ, ഇൻലാൻഡ് ഷിഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്‌നേഷ്യസ് മൺട്രോ, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, ഗ്രാമപഞ്ചായത്ത് മെമ്പർ സി.വി.മണികണ്ഠൻ, ഫിഷറീസ് ഡെ. ഡയറക്ടർ ബി.കെ.സുധീർ കിഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം. ചിത്ര തുടങ്ങിയവർ പങ്കെടുത്തു.

കാരാപ്പുഴയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.

ഫിഷറീസ് ഡയറക്ടർ സി.എ. ലത, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, അമ്പലവയൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.


വൈദ്യുതി മുടങ്ങും

കാട്ടിക്കുളം സെക്‌ഷനിലെ കാട്ടിക്കുളം, ബേഗൂർ, ചേലൂർ, അമ്മാനി, കോണവയൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.