കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മാത്രമല്ല മരണനിരക്കിലും കോഴിക്കോട് മുന്നിൽ തന്നെ. കഴിഞ്ഞ 24 മണിക്കൂറിൽ 21 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ ഏഴു മരണവും കോഴിക്കോട്ടാണ്.

നരിക്കുനിയിലെ അബ്ദുറഹ്മാൻ (68), ബാലുശേരിയിലെ ആര്യൻ (70), പെരുവാറ്റൂരിലെ ബീരാൻ (47), കണ്ണാങ്കരയിലെ ചെറിയേക്കൻ (73), മേപ്പയൂരിലെ കുഞ്ഞബ്ദുള്ള (65), വടകരയിലെ സെയ്ദ് അബു തങ്ങൾ (68), അവിടനല്ലൂരിലെ പ്രഭാകരൻ (67), പന്നിയങ്കരയിലെ മമ്മുക്കോയ (82) എന്നിവരാണ് മരിച്ചത്.

ഇവരിൽ പെരുവാറ്റൂർ സ്വദേശി ബീരാൻ ഒഴികെ മറ്റുള്ളവരെല്ലാം 65 ന് മുകളിലുള്ളവരാണ്.

ജില്ലയിൽ സാമൂഹ്യവ്യാപനം വന്നിരിക്കുകയാണെന്നും മരണം ഒഴിവാക്കാനുളള തീവ്രശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും കൊവിഡ് നോഡൽ ഓഫീസർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ശ്രമവും പാളുന്ന ദിശയിലേക്ക് നീങ്ങുകയാണ് സാഹചര്യങ്ങൾ.