വടകര: കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ചോമ്പാൽ ഹാർബറിന്റെ പ്രവർത്തനങ്ങളും, നിയന്ത്രണങ്ങളും അവലോകനം ചെയ്യുന്നതിനും തുടർ ദിവസങ്ങളിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വടകര താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി കളക്ടർ സി.ബിജു വിന്റെ നേത്യത്തിൽ ഉന്നത തല യോഗം ചേർന്നു.
ഹാർബറിൽ പ്രവേശിക്കുന്ന എല്ലാവരെയും തെർമൽ സ്കാനാർ ഉപയോഗിച്ച് പരിശോധിക്കും. സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തും. ഹാർബറിന്റെ പ്രവർത്തനത്തിന് എല്ലാ ദിവസവും പൊലിസ് സഹായവും ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ പത്ത് സന്നന്ധ പ്രവർത്തകരുടെ സേവനവും ലഭിക്കുന്നതാണ്.
പുലർച്ചെ 4 മണിക്ക് മൽസ്യ ബന്ധനത്തിന് പോകുന്നവരുടെ പാസ് പരിശോധിക്കുന്നതിനായി സംവിധാനം ഏർപ്പെടുത്തും. റ്റൂ ലയർ മാസ്ക്ക് നിർബന്ധമാണ്, ഹർബറിന് പുറത്ത് വിപുലമായ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സംഘടിപ്പിക്കും. ദിവസവും മൈക്ക് എനൗൺസ്മെന്റും നടത്തുന്നതാണ്.
ഹാർബറിൽ എല്ലാവർക്കും ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കി. വ്യാഴാഴ്ച നടക്കുന്ന 300 പേരുടെ ടെസ്റ്റിൽ നെഗറ്റീവായർക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽക്കുന്നതാണ്. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഐസ് മീൻ വിൽപ്പനയും ഹാർബർ പരിസരത്ത് അനുവദിക്കുന്നതല്ല. ജില്ലാ കളക്ടറുടെ കർശന ഉപാദികളോടെയാണ് ഹാർബർ തുറക്കാൻ അനുവദിച്ചത്. നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ഹാർബർ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസമാകുമെന്ന് ഡെപ്യൂട്ടി കലക്ടർ യോഗത്തിൽ അറിയിച്ചു.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, തഹസിൽദാർ ടി.കെ മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി ശ്രീധരൻ, സെക്ടറൽ മജിസ്ട്രേറ്റ് കെ കൃഷ്ണകുമാർ, ചോമ്പാൽ സി.ഐ.ടി .എൻ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെമ്പർ കെ. ലീല, ഫിഷറീസ് ഇൻസ്പെക്ടർ കെ.എം അനിൽകുമാർ, ഹാർബർ സൊസൈറ്റി പ്രതിനിധികളായ പി. അശോകൻ, വി.പി സുനീഷ് എന്നിവർ പ്രസംഗിച്ചു. തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് ഡെപ്യൂട്ടി കളക്ടർ ഫീൽഡ് പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതാണ്