സുൽത്താൻ ബത്തേരി : വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള അനുമതി ലഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ തുറക്കാൻ കഴിയാതിരുന്ന ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.
ബത്തേരി ടൗൺ സ്‌ക്വയർ, എടക്കൽഗുഹ, പൂക്കോട് തടാകം, മാവിലാംതോട്, പഴശ്ശി സ്മാരകം, ചീങ്ങേരി സാഹസിക കേന്ദ്രം ഉൾപ്പെടെ ഡി.ടി.പി.സിയുടെ കീഴിലുള്ള പത്ത് കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുക.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള കർശന നിർദേശങ്ങൾ പാലിച്ചാണ് ആളുകളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കടത്തി വിടുക.
ചീങ്ങേരി സാഹസിക കേന്ദ്രത്തിൽ 400 പേരെയും പൂക്കോട് എടക്കൽ എന്നിവിടങ്ങളിൽ 100 പേരെ വീതവും മാവിലാം തോട്, പഴശ്ശി സ്മാരകത്തിൽ 150 പേരെയും മറ്റ് കേന്ദ്രങ്ങളിൽ 50 പേരെ വീതവുമാണ് ഒരേ സമയം പ്രവേശിപ്പിക്കുകയുള്ളൂ. അമ്പലവയൽ ഹെറിറ്റേജ് മ്യുസിയം, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവ അടുത്തഘട്ടത്തിലാണ് തുറക്കുക.
റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി
സുൽത്താൻ ബത്തേരി : റേഷൻ കടകളിലേക്ക് അനുവദിക്കുന്ന സാധനങ്ങൾ കത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി റേഷൻ കടയുടമകൾ.
കിട്ടുന്ന സാധനങ്ങളിൽ അരി ഉൾപ്പെടെയുള്ളവയുടെ അളവിലും തൂക്കത്തിലും കുറവാണന്നും കടക്കാർ പരാതിപ്പെടുന്നു. കൊവിഡിന്റെ പേര് പറഞ്ഞാണ് സാധനങ്ങൾ കടകളിലേക്ക് കൃത്യാമായി എത്താത്തത്.
കാർഡുകളുടെ തരം തിരിവനുസരിച്ച് റേഷൻ സാധനങ്ങളിലും വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിലും പെടുന്നവർക്ക് അനുവദിക്കുന്ന സാധനങ്ങൾ അതാത് വിഭാഗത്തിന് മാത്രമെ നൽകാൻ പറ്റുകയുള്ളു.
എ.വൈ വിഭാഗത്തിന് അനുവദിച്ച അരിയും ഗോതമ്പുമാണ് പലകടക്കാർക്കും കൃത്യമായി കിട്ടുന്നില്ലെന്ന് പരാതി. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാത്തതിന് കാരണമെന്നാണ് റേഷൻ കടയുടമകൾ പറയുന്നത്.